Pages

Friday, December 2, 2011

അക്ഷരത്തെറ്റ്



വരിയൊപ്പിച്ചു വെച്ച അര്‍ഥങ്ങളെ
ഒരക്ഷരം കൊണ്ട് തെറ്റിച്ചു കളയുന്നത്
ആത്മഹത്യ പോലെ
ക്രൂരമായൊരു സുഖമാണ്.

കറുത്ത ഓര്‍മകളുടെ കൈത്തണ്ട
മുറിച്ചു കളയുമ്പോഴെന്ന പോലെ
അത് സാധൂകരിയ്ക്കുന്നു.
ഞരമ്പുകളിലൊഴുകുന്ന
അക്ഷരത്തെറ്റിന്റെ ജനിതകത്തെ.

ഓരോ തെറ്റും
ഓരോ നിമിത്തങ്ങളാണ്
ഓര്‍മ്മപ്പെടുത്തലുകള്‍ .
നമുക്കിടയിലെയ്ക്ക്
കൂവിക്കിതച്ചു വന്ന ചതികളുടെ.

അനാഥരുടെ ജീവിതം
പലായനങ്ങളുടെ കണക്കു പുസ്തകമാണ്.
കര്‍ത്താവും കര്‍മവും ക്രിയയും ഒന്നാവുന്ന
കറുത്ത ബിന്ദു.

ഓരോ അക്ഷരപ്പിശകും
അതിന്റെ കണ്ണില്‍ തറയ്ക്കുന്ന
കുപ്പിച്ചില്ലുകള്‍

അവനവനോടുള്ള
അളവറ്റ കരുണയുടെ
അഗാധ ഗര്‍ത്തങ്ങള്‍ .

3 comments:

  1. വരിയൊപ്പിച്ചു വെച്ച അര്‍ഥങ്ങളെ
    ഒരക്ഷരം കൊണ്ട് തെറ്റിച്ചു കളയുന്നത്
    ആത്മഹത്യ പോലെ
    ക്രൂരമായൊരു സുഖമാണ്.

    ReplyDelete
  2. അനാഥരുടെ ജീവിതം
    പലായനങ്ങളുടെ കണക്കു പുസ്തകമാണ്.
    കര്‍ത്താവും കര്‍മവും ക്രിയയും ഒന്നാവുന്ന
    കറുത്ത ബിന്ദു.....

    ReplyDelete
  3. ''തെറ്റിലെ ശരി,
    ശരിയിലെ തെറ്റ്.
    കാലമെന്ന ശരി ,
    കാലമെന്ന തെറ്റ്.''

    ReplyDelete