Pages

Thursday, March 25, 2010

നാം,
അസ്വസ്ഥത കൊണ്ട് കൂട്ടിക്കെട്ടിയ രണ്ടു ജന്മങ്ങളാണ്.....

ഞാന്‍,
കൊഴിഞ്ഞു പോവുന്ന ഇലകളെക്കുറിച്ചും,
നീ,
ആകാശത്തിന്റെ അതിര്‍ത്തികളെക്കുറിച്ചും ,
സദാ വേവലാതിപ്പെടുന്നു.....

എന്നിട്ടും,വാക്കുകളൊക്കെയും, വിഴുങ്ങുന്ന
തമോഗര്‍ത്തത്തിന്റെ തീരത്ത്,
നാം ഒരുമിച്ചുറങ്ങുന്നു....

നീ..


കോറി വരഞ്ഞ,

വാക്കുകള്‍ക്ക് പകരം വെയ്ക്കാന്‍

നീ തന്നത് ഒരുപാടു പൂക്കളാണ്...

ഭംഗിയില്‍ അതെന്റെ മേല്‍ അടുക്കി വെച്ച്,

ധൃതിയില്‍,

തിരിഞ്ഞു നോക്കാതെ,

നീ, നടന്നു പോയി....

ഞാന്‍


ഞാന്‍....
പറിച്ചു നടപ്പെട്ട ഒരു ചെടിയാണ്.....

മുറിഞ്ഞു പോയ ആണി വേരിനെ ചൊല്ലി
സദാ വേദനിയ്ക്കുന്ന കാട്ടുചെടി....

ഇലകളൊക്കെ ലോപിച്ച് മുള്ളുകളായി തീര്‍ന്നിട്ടും....

വേനലിനെ ഞാന്‍ ഭയക്കുന്നത് എന്തുകൊണ്ടാണ്..?????

വീട്


രണ്ടു ശരികള്‍ തമ്മിലുള്ള ദൂരം,
ഒരു ശരിയും,
ഒരു തെറ്റും
തമ്മില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്.

കാലപ്പഴക്കം കൊണ്ട്,
ശരികള്‍ അത്രമേല്‍ ശരികളയിരിയ്ക്കുന്നു....

സമാന്തരങ്ങളില്‍ നിന്ന്,
ത്രാണിയ്ക്കാന്‍ ,
കെല്‍പ്പില്ലാതതിനാലാവാം
ഞാന്‍ ഒരു പുത്രിയായിപ്പോയത്.
എങ്കിലും...
ജീവിതം വാര്‍ന്നു പോവുന്ന
ഓട്ടകൈ കൊണ്ട്
ഞാന്‍ ഇപ്പോഴും അളക്കുന്നു....

എന്നെങ്ങിലും, ദൂരങ്ങള്‍ക്ക് മടുക്കാതിരിയ്ക്കുമോ....????