Pages

Friday, August 27, 2010

നിരുപാധികം

മടിയ്ക്കരുത്
പൊയ്ക്കൊള്ളുക
ഇതെന്റെ വാക്കാണ്‌
ചോദ്യങ്ങളുടെ സൂര്യാഖാതങ്ങളിലേയ്ക്ക്
നിന്നെ - ഞാന്‍ വലിച്ചെറിയില്ല

ഉത്തരായനം വരെ കാക്കാന്‍
ഞാന്‍ എപ്പോഴേ തയ്യാറാണ്

ഓരോ അമ്പും എനിയ്ക്ക് സുപരിചി തം.
വളഞ്ഞ പുരിക ക്കൊ ടികള്‍
തറയ്ക്കുന്ന നോട്ടങ്ങള്‍
പുറം ലോകത്തിന്റെ ,
അമര്‍ത്തിയ മൂളലുകള്‍

അകത്ത്,
ശമനൌഷധങ്ങള്‍ക്ക്
വഴങ്ങാത്ത ചില വേദനകള്‍,
സാദാ പിഴയ്ക്കുന്ന
കൂട്ടി കിഴിയ്ക്കലുകള്‍
എപ്പോഴും ബാക്കിയാവുന്ന -
ന്യൂന ചിഹ്നം

സിന്ദൂര രേഖയില്‍ ഓരാഖത ചിഹ്നമായി -
നിന്നെ തറയ്ക്കാനുള്ള ,
ഇരുംബാണിയായിരുന്നില്ല,
ഞാന്‍ ചെത്തി കൂര്‍പ്പിച്ച വരികളൊന്നും.


മറക്കില്ല
സൌരയൂഥങ്ങള്‍ ക്കപ്പുറം നിന്ന്
നിന്റെ മൌനം- എയ്തു വിട്ടൊരമ്പ്
തിരുനെറ്റി തുളഞ്ഞു തറഞ്ഞത്.

നിന്നില്‍ മറന്നു വെച്ച ഉത്തരങ്ങളത്രയും
അനു നിമിഷം ,
അന്ധതാ ബിന്ദുക്കളായി വളരുന്നു.
എന്റെ കാഴ്ചയെ -
ചോദ്യങ്ങള്‍ കാര്‍ന്നു തിന്നുന്നു .

അയനം തുടങ്ങുന്നു
അവസാന വണ്ടിയ്ക്കു സമയമാവുന്നു
അമ്മിയും ചിരവയും ചവിട്ടി
കടന്നു പൊയ്ക്കൊള്ളുക....

Thursday, August 26, 2010

മുഖാമുഖം

വൈകുന്ന രാത്രി വണ്ടി
വറ്റുന്ന കടല്‍
അവരുടെ കണ്ണിലെരിയുന്ന
ദുരയുടെ ആണവ ചവറ്.

ഇരുട്ടില്‍ മുളയ്ക്കുന്ന,
ആര്‍ത്തിയുടെ തേറ്റകള്‍
അല്‍പ നേരത്തേയ്ക്ക്,
എന്നെ വിട്ടകലുന്ന പ്രാണന്‍.

അറിയില്ല നിങ്ങള്‍ക്ക്.
നിങ്ങളുടെ ധാര്ഷ്യത്തിന്റെ-
തരിശില്‍ കുരുത്തതാണ്
എന്റെ ആത്മബലം.

ഞാന്‍ തിരിച്ചുപോവും,
എന്റെ വീട്ടിലേയ്ക്ക്
അവിടെ,

തൊട്ടാവാടി ഇട്ടു കാച്ചിയ -
എണ്ണ വെച്ച് അമ്മ ,
എന്റെ മുറിവുകള്‍ പൊതിയും
പണ്ട് പഴുതാര തീണ്ടിയപ്പോഴെന്ന പോലെ.

ഒരു ചീന്തു ഗസല്‍ മൂടിപ്പുതച്
ഞാനുറങ്ങും
ദുസ്വപ്നതിന്റെ കാളകൂടത്തില്‍ നിന്ന്,
ജീവനത്തിന്റെ ധന്വന്തരം കടഞ്ഞെടുക്കും.

നാളെ,
ഞരമ്പ്‌ മുറിച്ച് ആത്മഹത്യയ്ക്ക് തുനിയുന്ന
നിന്റെ പെങ്ങള്‍ക്ക് ,
ഞാനത് നാവിലിറ്റിച്ചു കൊടുക്കും.
എളിമയുടെ തിമിര്‍പ്പില്‍
കറുത്ത ചക്രവാളങ്ങള്‍ക്ക്
മീതെ സൂര്യനുദിയ്ക്കും.