Pages

Thursday, November 25, 2010

ആത്മഹത്യ പോലെ എന്തോ ഒന്ന്....


പടിയിറങ്ങുമ്പോള്‍
കൂട്ടിന്
ഒസ്യത്തായി കിട്ടിയ നിഷേധം
കണ്ണ് കവിയുന്ന കയ്പ്പ്
കാക്ക കൊത്താത്ത, കര്‍മ്മങ്ങളുടെ ബലിചോറ്
എള്ളും പൂവും ചിതറിയ വഴിയില്‍
എല്ലാത്തിനും പുറകേ
മിണ്ടാതെ
കാലൊച്ച കേള്‍പ്പിയ്ക്കാതെ
വരുന്നുണ്ട് .


മറവിയുടെ ഒരു വേനലിനും കൊടുക്കാതെ ഒരു പിടി പൂക്കള്‍ ഞാന്‍ കാത്തു വെച്ചിരിയ്ക്കുന്നു. ഇന്ദ്രാവതി പുഴയ്ക്കിപ്പുറം മഴവില്ല് വിരിയുന്ന സന്ധ്യയില്‍ എന്‍റെ വേരുകളില്‍ അവ മിഴി തുറക്കും. അവ നിന്നോട് ഇനിയും വേരുകള്‍ പൂക്കുമെന്നും മേഘങ്ങള്‍ക്ക് തീ പിടിയ്ക്കുമെന്നും പറയും. ഭൂമിയില്‍ ഇടി വെട്ടി പിളരുന്ന രാത്രികളില്‍ അവയില്‍ അശാന്തമായ അക്ഷരങ്ങള്‍ മുളയ്ക്കും. ധീരയായ ഒരു വഴിയാത്രക്കാരി കൂടി മുരിക്കിന്‍ പൂക്കള്‍ ഉദിയ്ക്കുന്ന ദിക്ക് തേടിപ്പോവും..
ഒരുവന്‍റെ ശബ്ദം അപരന് കാതില്‍ സംഗീതമാവുന്ന കാലത്തിന്റെ സ്പപ്നങ്ങളിലെയ്ക്ക് പിന്നെയും വേരുകള്‍വളരും...എനിയ്ക്കറിയാം..ഗുല്‍മോഹറിന്റെ വേരുകളെ നിനക്ക് ഭയമാണ്.