Pages

Wednesday, March 14, 2012

ദേവാലയങ്ങളില്‍

വിഷാദം
അകത്തേയ്ക്ക് മാത്രം തുറക്കുന്ന ഒരു വാതിലാണ്.
അകപ്പെട്ടു പോയവര്‍ക്കെ അറിയൂ
അതൊരു ദേവാലയം കൂടിയാണെന്ന്.

എന്റേതായ എല്ലാം ഞാന്‍ നിനക്ക് തന്നിരിയ്ക്കുന്നു
യാ മൌലാ,
ഈ ജീര്‍ണിച്ച കുപ്പായം എന്നില്‍ നിന്ന് നീക്കുക എന്ന്
സ്വരമിടറാതെ പാടുമ്പോഴും
നിന്‍റെ കണ്ണുകളില്‍
പെയ്യാന്‍ അലയുന്ന ഒരു മേഖത്തെ എനിയ്ക്ക് കാണാം
ദൈവമേ,
ഞാന്‍ എന്തൊരു അസൂയാലുവായ മനുഷ്യനാണ് !

കറുത്ത വേനലുകള്‍

----------------------------
ഇരുണ്ട വെയിലത്ത്‌
ഒരു ബാലന്റെ ഹൃദയത്തിലേയ്ക്ക്
പോയിന്റ്‌ ബ്ലാങ്കില്‍
തുളച്ചു കയറിയ
അഞ്ചു വെടിയുണ്ടകള്‍.

അഞ്ചു വെടിയുണ്ടകള്‍

... അഞ്ചു വിരലുകള്‍
അഞ്ചു ഭൂതങ്ങള്‍.
അഞ്ചു ശാപങ്ങള്‍

ഇടി വെട്ടിപ്പോയ കരിമ്പനയ്ക്ക് മുന്നില്‍ നിന്ന്
എന്റെ ഗ്രാമദേവതയോട് പ്രാര്‍ഥിയ്ക്കുന്നു .
നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ മേല്‍

ഒരു കാറ്റ് വീശാതെ
മഴ പെയ്യാതെ
ഭൂമി പിളരാതെ
അഗ്നിപര്‍വതം വെടിയ്ക്കാതെ
ആകാശമിടിയാതെ

കാത്തു കൊള്ളേണമേ എന്ന്.

പുനരധിവാസം

-----------------------------

നിങ്ങള്‍ പറയുന്നു
പുനരധിവസിപ്പിയ്ക്കം എന്ന്

എന്തിനെ?

കയ്യൊടിഞ്ഞ, കഴുത്ത് പോയ എന്റെ ദൈവങ്ങളെ ?
നിറവയറോടെ ചത്തുപോയ എന്റെ പശുക്കുട്ടിയെ ?
പാതി വിരിഞ്ഞ വാത്ത കുഞ്ഞുങ്ങളെ ?

ഒന്നും വേണ്ട
ചുവരില്‍ ഒട്ടിച്ചു വെച്ചിരുന്ന
നക്ഷത്രങ്ങളെ?

നുണ പറയാതിരിയ്ക്കൂ .
ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്
ചരിത്രം തെറ്റുകളുടെ സംഗ്രഹമാണെന്ന് .

ഇങ്ങനെ
നുണ പറയാതിരിയ്ക്കൂ