Pages

Thursday, November 25, 2010

ആത്മഹത്യ പോലെ എന്തോ ഒന്ന്....


പടിയിറങ്ങുമ്പോള്‍
കൂട്ടിന്
ഒസ്യത്തായി കിട്ടിയ നിഷേധം
കണ്ണ് കവിയുന്ന കയ്പ്പ്
കാക്ക കൊത്താത്ത, കര്‍മ്മങ്ങളുടെ ബലിചോറ്
എള്ളും പൂവും ചിതറിയ വഴിയില്‍
എല്ലാത്തിനും പുറകേ
മിണ്ടാതെ
കാലൊച്ച കേള്‍പ്പിയ്ക്കാതെ
വരുന്നുണ്ട് .


മറവിയുടെ ഒരു വേനലിനും കൊടുക്കാതെ ഒരു പിടി പൂക്കള്‍ ഞാന്‍ കാത്തു വെച്ചിരിയ്ക്കുന്നു. ഇന്ദ്രാവതി പുഴയ്ക്കിപ്പുറം മഴവില്ല് വിരിയുന്ന സന്ധ്യയില്‍ എന്‍റെ വേരുകളില്‍ അവ മിഴി തുറക്കും. അവ നിന്നോട് ഇനിയും വേരുകള്‍ പൂക്കുമെന്നും മേഘങ്ങള്‍ക്ക് തീ പിടിയ്ക്കുമെന്നും പറയും. ഭൂമിയില്‍ ഇടി വെട്ടി പിളരുന്ന രാത്രികളില്‍ അവയില്‍ അശാന്തമായ അക്ഷരങ്ങള്‍ മുളയ്ക്കും. ധീരയായ ഒരു വഴിയാത്രക്കാരി കൂടി മുരിക്കിന്‍ പൂക്കള്‍ ഉദിയ്ക്കുന്ന ദിക്ക് തേടിപ്പോവും..
ഒരുവന്‍റെ ശബ്ദം അപരന് കാതില്‍ സംഗീതമാവുന്ന കാലത്തിന്റെ സ്പപ്നങ്ങളിലെയ്ക്ക് പിന്നെയും വേരുകള്‍വളരും...എനിയ്ക്കറിയാം..ഗുല്‍മോഹറിന്റെ വേരുകളെ നിനക്ക് ഭയമാണ്.

Monday, September 6, 2010

ഇരുട്ട് കൂട് വെയ്ക്കുന്ന ഇടങ്ങള്‍.

അപ്പൊകാലിപ്ടോ എന്ന സിനിമ ഒരാവര്‍ത്തി കൂടി കണ്ടു കണ്ണടയ്ക്കുമ്പോള്‍, എന്‍റെ മുന്നില്‍ അറ്റുവീണൊരു കൈ പിടയ്ക്കുന്നു.
{Apocalypto
2006 American film directed by Mel Gibson. discribes
the declining period of the Mayan civilization, Apocalypto depicts the journey of a Mesoamerican tribesman who must escape human sacrifice and rescue his family after the capture and destruction of his village.}
മനുഷ്യന്‍റെ സഹജ പൈശാചം എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയെന്നു ഓരോ തവണയും ആ സിനിമ എന്നെ ഓര്‍മിപ്പിയ്ക്കുന്നു. മനുഷ്യന്‍ എന്നത് പരിണാമങ്ങള്‍ക്ക് വിധേയമായ ഒരു ജന്തു വര്‍ഗം ആണെന്ന് വിശ്വസിച്ചാല്‍, മൃഗത്വതില്‍ നിന്ന് മനുഷ്യത്വതിലെയ്ക്കുള്ള അല്‍പ ദൂരം ഭീടിതമാണ്.ശാസ്ത്ര സമവാക്യങ്ങള്‍ക്കടിയില്‍ പഴത്തില്‍ ഒരു പുഴു എന്ന പോലെ, പൈശാചം ഒളിഞ്ഞു കിടക്കുന്നു. എത്ര ആശ്വസിച്ചാലും, ആഴത്തില്‍ എവിടെയോ അത് ശ്വസിയ്ക്കുന്നു, കാണുന്നു, കേള്‍ക്കുന്നു. നിറവയര്‍ കീറി കുഞ്ഞിനെ തീയിലെറിയുന്നത് ദൂരെ എവിടെയോ ആണ് എന്നു ആശ്വസിച്ചിരുന്ന കണ്ണുകള്‍ക്ക്‌ മുന്നിലാണ് ഒരു കൈപ്പത്തി വീണു പിടയ്ക്കുന്നത്. വെട്ടിപ്പിടിച്ചും, പോരാടിയും, കൊന്നും, കൊടുത്തും വളര്‍ന്ന ഒരു ജീവി വര്‍ഗ്ഗത്തിന്റെ സഹജ സ്വഭാവങ്ങള്‍ക്കു എത്രത്തോളം നമുക്ക് കടിഞ്ഞാണ്‍ ഇടനാവും? അല്പ്പദൂരതിറെ നൂല്‍പ്പാലത്തില്‍ കാലിടറാതെ ഒരു മദര്‍ തെരേസയും, ഒരു ഗാന്ധിയും നടന്നു പോയി എന്നത് ധാരണാശക്തിയുടെ ചക്രവാളമാണ്. അരുത് കാട്ടാളാ, എന്നതത്രേ കവിതയുടെ ധര്‍മം.ഒരു ഗ്രഹണ നാഴികകൊണ്ട്, ഇരുട്ട് കൂട് വെച്ച ഹൃദയങ്ങള്‍ വിനാശം വിതച്ചു കടന്നു പോവുമ്പോള്‍, കവിത ആരെയാണ് വിലക്കെണ്ടത്?

Friday, August 27, 2010

നിരുപാധികം

മടിയ്ക്കരുത്
പൊയ്ക്കൊള്ളുക
ഇതെന്റെ വാക്കാണ്‌
ചോദ്യങ്ങളുടെ സൂര്യാഖാതങ്ങളിലേയ്ക്ക്
നിന്നെ - ഞാന്‍ വലിച്ചെറിയില്ല

ഉത്തരായനം വരെ കാക്കാന്‍
ഞാന്‍ എപ്പോഴേ തയ്യാറാണ്

ഓരോ അമ്പും എനിയ്ക്ക് സുപരിചി തം.
വളഞ്ഞ പുരിക ക്കൊ ടികള്‍
തറയ്ക്കുന്ന നോട്ടങ്ങള്‍
പുറം ലോകത്തിന്റെ ,
അമര്‍ത്തിയ മൂളലുകള്‍

അകത്ത്,
ശമനൌഷധങ്ങള്‍ക്ക്
വഴങ്ങാത്ത ചില വേദനകള്‍,
സാദാ പിഴയ്ക്കുന്ന
കൂട്ടി കിഴിയ്ക്കലുകള്‍
എപ്പോഴും ബാക്കിയാവുന്ന -
ന്യൂന ചിഹ്നം

സിന്ദൂര രേഖയില്‍ ഓരാഖത ചിഹ്നമായി -
നിന്നെ തറയ്ക്കാനുള്ള ,
ഇരുംബാണിയായിരുന്നില്ല,
ഞാന്‍ ചെത്തി കൂര്‍പ്പിച്ച വരികളൊന്നും.


മറക്കില്ല
സൌരയൂഥങ്ങള്‍ ക്കപ്പുറം നിന്ന്
നിന്റെ മൌനം- എയ്തു വിട്ടൊരമ്പ്
തിരുനെറ്റി തുളഞ്ഞു തറഞ്ഞത്.

നിന്നില്‍ മറന്നു വെച്ച ഉത്തരങ്ങളത്രയും
അനു നിമിഷം ,
അന്ധതാ ബിന്ദുക്കളായി വളരുന്നു.
എന്റെ കാഴ്ചയെ -
ചോദ്യങ്ങള്‍ കാര്‍ന്നു തിന്നുന്നു .

അയനം തുടങ്ങുന്നു
അവസാന വണ്ടിയ്ക്കു സമയമാവുന്നു
അമ്മിയും ചിരവയും ചവിട്ടി
കടന്നു പൊയ്ക്കൊള്ളുക....

Thursday, August 26, 2010

മുഖാമുഖം

വൈകുന്ന രാത്രി വണ്ടി
വറ്റുന്ന കടല്‍
അവരുടെ കണ്ണിലെരിയുന്ന
ദുരയുടെ ആണവ ചവറ്.

ഇരുട്ടില്‍ മുളയ്ക്കുന്ന,
ആര്‍ത്തിയുടെ തേറ്റകള്‍
അല്‍പ നേരത്തേയ്ക്ക്,
എന്നെ വിട്ടകലുന്ന പ്രാണന്‍.

അറിയില്ല നിങ്ങള്‍ക്ക്.
നിങ്ങളുടെ ധാര്ഷ്യത്തിന്റെ-
തരിശില്‍ കുരുത്തതാണ്
എന്റെ ആത്മബലം.

ഞാന്‍ തിരിച്ചുപോവും,
എന്റെ വീട്ടിലേയ്ക്ക്
അവിടെ,

തൊട്ടാവാടി ഇട്ടു കാച്ചിയ -
എണ്ണ വെച്ച് അമ്മ ,
എന്റെ മുറിവുകള്‍ പൊതിയും
പണ്ട് പഴുതാര തീണ്ടിയപ്പോഴെന്ന പോലെ.

ഒരു ചീന്തു ഗസല്‍ മൂടിപ്പുതച്
ഞാനുറങ്ങും
ദുസ്വപ്നതിന്റെ കാളകൂടത്തില്‍ നിന്ന്,
ജീവനത്തിന്റെ ധന്വന്തരം കടഞ്ഞെടുക്കും.

നാളെ,
ഞരമ്പ്‌ മുറിച്ച് ആത്മഹത്യയ്ക്ക് തുനിയുന്ന
നിന്റെ പെങ്ങള്‍ക്ക് ,
ഞാനത് നാവിലിറ്റിച്ചു കൊടുക്കും.
എളിമയുടെ തിമിര്‍പ്പില്‍
കറുത്ത ചക്രവാളങ്ങള്‍ക്ക്
മീതെ സൂര്യനുദിയ്ക്കും.

Monday, July 5, 2010

സ്ത്രീകളുടെ ജീവിതം സ്വന്തം ശരീരത്തിന്റെ പരിമിതികളുടെ പ്രാഥമിക പാഠങ്ങളില്‍ നിന്നും ആരംഭിയ്ക്കുന്നു.സ്ത്രീ സങ്ങല്പം, എന്നപേരില്‍ സ്ത്രീകളില്‍ പലര്‍ക്കും അനവന്റെ സ്വത്വത്തെ കുറിച്ചുള്ള അറിവ്, പലപ്പോഴും പുരുഷ നിര്മിതിയാണ്.സമൂഹത്തിന്റെ മൊത്തമായ അച്ചടക്കത്തിനും, ഭദ്രതയ്ക്കും, സ്ത്രീകള്‍, ഒരു പരിധിയ്ക്കുള്ളില്‍ മാത്രം(പലപ്പോഴും, അത് ലൈന്‍ ബസ്സുകളുടെ സ്ത്രീ സീറ്റുകള്‍ പോലെ!!!!!) സമൂഹത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരാവുന്നു. അത്തരം ഒരു ഉള്‍വലിയല്‍ സ്ത്രീകള്‍ നടത്തേണ്ടതിന്റെ ആവശ്യകത, , സാമൂഹ്യ ബന്ധങ്ങളുടെ സ്ഥാപനവല്ക്കരനതിലൂടെ സമൂഹം ഭംഗിയായി ന്യയീകരിയ്ക്കുന്നു. അതിനു പ്രധാന ഉപാധിയായി ഉപയോഗിയ്ക്കുന്നത്, അവളുടെ ശരീരമാണ്. എപ്പോഴും, എവിടെ നിന്നും ഭീഷണി ഉയര്നെക്കാവുന്ന, അപകടം പിടിച്ച ഒരു വസ്തുവായി, സ്ത്രീ ശരീരത്തെ ചിത്രീകരിയ്ക്കുന്നതോടെ, അവളുടെ ഉപബോധ മനസിനെ സമൂഹം നിയന്ത്രിയ്ക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള, ഏറ്റവും, വിലകുറഞ്ഞ തുരുപ്പു ചീട്ടാനത്. അത്തരംപരിമിതികളെ നിരാകരിയ്ക്കുന്ന സ്ത്രീകളെ, അപഥസഞാരിനി കലായോ , മൂന്നാം കിട ഫെമിനിസ്ടുകളയോ, ചിത്രീകരിയ്ക്കുന്നത്, പലപ്പോഴും ഭീരുത്വം കൊണ്ടാണ്. കാലാകാലങ്ങളായി, അത് ഉപയോഗത്തിലുണ്ട്. "അച്ഛനില്ലാത്ത കുഞ്ഞിന്റെ അമ്മ" എന്നത് മാതൃത്വതിനെ വരെ ചെളിക്കുണ്ടിലെയ്ക്ക് വലിച്ചെറിയുന്നു.ആത്യന്തികമായി, തന്റെ അറിവോ, അനുവാദമോ, കൂടാതെ, തന്നില്‍ അടിചെല്‍പ്പിയ്ക്കപ്പെടുന്ന ഒരു കൂട്ടം ബീജങ്ങളില്‍ ഒന്നിനെയാണ്, സ്ത്രീ ഭയക്കേണ്ടത് എങ്കില്‍, സാനിടരി നാപ്കിനുകള്‍ പ്രവര്‍ത്തികമായ ഒരു സമൂഹത്തില്‍, നിരോധന മാര്‍ഗങ്ങളും സഹാജമാവുന്ന കാലം വിദൂരമല്ല;കാരണം, ഇന്നത്തെ സമൂഹത്തില്‍ ഒരു സ്ത്രീയയിരിയ്ക്കുക, എന്നത്, ഒരേ സമയം, അഭിമാനകാരവും, ദുഷ്കരവുമാണ്. മാറ്റം, എല്ലാവരും അര്‍ഹിയ്ക്കുന്നു.. നമുക്ക് സദ്‌ ആചാരങ്ങളെ ആവശ്യമുള്ളൂ.. ആകാശങ്ങളതങ്ങി നിര്‍ത്താനുള്ള ബാധ്യത ഇല്ല.

Saturday, June 12, 2010

ഇന്ന് ആരെങ്കിലും ഒരാള്‍ മറ്റാരെ എങ്കിലും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍ എന്ന് വിളിച്ചാല്‍ , അതൊരു സ്വപ്നാടനക്കാരന്റെ വിഭ്രാന്തിയായി കരുതലായി കരുതാനേ കഴിയൂ. കാരണം ഇന്ന് എവിടെയും കമ്മ്യൂണിസം ഇല്ല, കമ്മ്യൂണിസ്റ്റ്‌ വിരോധത്തിന്റെ ചിത്രമെഴുതാന്‍ ചുവരുമില്ല.
കേരളവും, ബംഗാളും ത്രിപുരയും, പോലുള്ള കൊച്ചു പ്രവിശ്യകളില്‍ ചെന്ന് ചോദിയ്കൂ, "നിങ്ങളുടെ ലക്‌ഷ്യം എന്താണ് ?പത്തു കൊല്ലം, ഇരുപതു കൊല്ലം മുന്‍പ്, അങ്ങനെ കാലത്തിന്റെ അടുക്കുകള്‍ ചികഞ്ഞു പോവുമ്പോള്‍, ഒരു ഖട്ടതിനു ശേഷം, ഭീമമായ ശൂന്യതയാണ് കാണാന്‍ കഴിയുക. നിങ്ങള്‍ എന്തിനു വേണ്ടി രാഷ്ട്രീയത്തില്‍ പാട് പെടുന്നു എന്ന് ചോദിച്ചാല്‍, പണ്ടേതെത് പോലെ, സമത്വ സുന്ദരമായ ഭാവിയ്യ്ക്ക് വേണ്ടി എന്ന് പറയാന്‍ ധൈര്യപ്പെടുമോ ഇന്നുള്ളവര്‍? ഒരു നല്ല നാളെ എന്ന വാക്ക്, തൊട്ടാവാടി ചെടി പോലെ, മിഴിപൂട്ട്ടി, എവിടെയോ, നിദ്രയിലാണ്, ഒരു പക്ഷെ പൈങ്കിളി കഥകളില്‍ ആയിരിയ്ക്കാം. എന്നാല്‍ അകെ മൊത്തം കൂട്ടി കിഴിച്ച് നോക്കിയാല്‍, ആര്‍ക്കും സമ്മതിയ്ക്കേണ്ടി വരും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍, മറ്റു കക്ഷികളില്‍ നിന്ന് വേറിട്ട ഒരു അര്‍പ്പണ രഹസ്യമാണ് എന്ന്, അല്ലെങ്ങില്‍ ആയിരുന്നു എന്ന്... അതുകൊണ്ട് പഴയ പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കുന്നതില്‍ നിന്നും വേറിട്ട്‌..................
"സഖാക്കളേ........ നമുക്ക് ചര്‍ച്ച ചെയ്യാം...!"

Friday, June 11, 2010

ചിലരുണ്ട്... അന്യായത്തിന്റെ ആഴങ്ങളില്‍ നിന്ന്, സ്വന്തം ശരികളുടെ കച്ചി തുരുംബുകളിലെയ്ക്ക് പിടിച്ചു കയറുന്നവര്‍, ഒഴുക്കിനെതിരെ നീന്തി തളരുന്നവര്‍.. ജീവിതത്തിന്റെ സായന്തനങ്ങളില്‍ വ്രണങ്ങളും, ഇരുട്ടും മാത്രം ബാക്കിയാവുന്നവര്‍.. അവനവനു വേണ്ടിയല്ലാത്ത സ്വപ്നങ്ങളിലേയ്ക്ക് മരിച്ചു പോവുന്നവര്‍....ഒരു കനു സന്യലാവാം.. സുബ്രമണ്യ ദാസാവം .. ആരുമാവം.. നമ്മുടെ ജീവിതം നഷ്ടപ്പെടാനുല്ലവയുടെ നിഖണ്ടു വായിച്ചു തീര്‍ന്നു പോവുന്നു..നഷ്ടപ്പെട്ടവര്‍ തോല്‍ക്കുകയും, നഷ്ടപ്പെടനുള്ളവര്‍ ജയിയ്ക്കുകയും ചെയ്യുന്ന തലമുറയാണ് നമ്മുടേത്‌.. നഷ്ടപ്പെട്ടവര്‍ ഉറങ്ങട്ടെ ... അവരുടെ പ്രേതങ്ങളെ കെട്ടിയഖോഷിയ്ക്കരുത് .. അവരുടെ ശവക്കുഴികള്‍ ചൂഴാതെ..ഭീരുത്വവും , സ്വാര്‍ഥതയും , മാത്രം കൈമുതലായുള്ള ഞങ്ങളോട്, ഈ തോറ്റ തലമുറയോട്, പ്രപഞ്ച മനസേ, പൊറുക്കുക.... ഒന്നിരുന്നു കരയാന്‍, ഇനി എത്ര ദൂരം പോവണം... !!!
shanthanu dutta- (hazar chouraasi ki ma )

Wednesday, May 19, 2010

പോവുന്നിടത്തെല്ലാം, എന്തെങ്ങിലും ബാക്കി വെയ്കുക എന്നത് അരുണയുടെ ശീലമായിരുന്നു.കീഴ്ക്കാം തൂക്കായ ആ പാറക്കെട്ടുകളില്‍ അവള്‍ പേര് എഴുതിയിട്ടിട്ടുണ്ട്. ആ മുളകളുടെ തണ്ടുകളില്‍ കോരി വരഞ്ഞിട്ടുണ്ട്.മഞ്ഞു മൂടിയ ആ താഴ്വാരത്ത്, ഒരു സില്‍വര്‍ വോക്ക് നട്ടിട്ടുണ്ട്. അങ്ങിനെയങ്ങിനെ...

എപ്പോഴും എന്തെങ്ങിലുമൊക്കെ ബാക്കിയാക്കുന്നതില്‍, അവള്‍ അസ്ഥിത്വം ഒളിപ്പിച്ചു വെച്ചു.എന്നെങ്ങിലും ഒരിയ്ക്കല്‍, അവിടങ്ങളിലേയ്ക്ക്‌ തിരിച്ചുചെല്ലനാവും എന്ന് വിശ്വസിച്ചു. വഴികളില്‍ ബാക്കിയാക്കിയവ അങ്ങിനെയാണ് അരുണയ്ക്ക് പ്രിയപ്പെട്ടവയായത് . കണ്മുന്‍പില്‍ നിന്ന് മാഞ്ഞു പോയ മനുഷ്യര്‍ അവളില്‍ അവസനിപ്പിച്ചതൊക്കെയും വഴികളില്‍ ഒളിച്ചു വെയ്ക്കാന്‍ അരുണ ആഗ്രഹിച്ചു. ദേഹത്തില്‍ നിന്നകന്നു ഏതോ ദേഹി, തന്നെ കാണും പോലെ , തന്നില്‍ നിന്നകന്ന്, താന്‍ ലോകത്തെ കാണുമ്പോള്‍, തിരിച്ചറിയാന്‍, എന്തെങ്ങിലുമൊക്കെ ബാക്കിയാവണം എന്നത് അവളുടെ സ്വാര്‍ഥതയായിരുന്നു.
ഒരു വേനല്‍ യാത്രയുടെ ആരംഭത്തില്‍ ഒരു കുടന്ന വെള്ളമാണ് അവള്‍ ബാക്കിയാക്കിയത്.വീണ്ടുമൊരു വേനലില്‍ തിരികെ വരുവാന്‍ ഒരു പിന്‍വിളിയ്ക്കായി.പോവും മുന്‍പ്, കാക്കയോടു അവള്‍ ഇങ്ങനെ പറഞ്ഞു , തിരികെ വന്നില്ല എങ്കില്‍ ഇത് നിനക്കുള്ളതാണ്, കല്ലിട്ടു കുടിയ്ക്കേണ്ട, ഇതും, ഒരുരുള ചോറും നിന്റെ അവകാശമാണ്. എന്നിലൂടെ നീ അത് ബാക്കിയാക്കുന്നു.. കാക്ക ഇര തേടി പറന്നു പോയി.. അവസാനമില്ലതൊരു വഴിയിലേയ്ക്കു അവളും.

Saturday, May 15, 2010

സാധ്യമായത്.....

Tuesday, May 11, 2010

ഉറുമ്പുകളെ കുറിച്ച് അറിയേണ്ടതെല്ലാം...

ചരിത്രം,
ഇരട്ട വാലന്മാര്‍ക്ക്
പാഞ്ഞു കളിയ്ക്കാനുള്ളതാണ്.,
എന്ന് കരുതിപ്പോന്ന കാലത്താണ്,
ഉറുമ്പുകള്‍ ഉണ്ടായത്......

മണ്ണറകളില്‍ നിന്ന്,പുകക്കുഴലുകളില്‍ നിന്ന്,
പാടപ്പറമ്പ്കളില്‍ നിന്ന് ,
അവ
തെരുവിലേയ്ക്ക് തിങ്ങിയിറങ്ങി ..
വിയര്‍പ്പിന്റെയും,
വിശപ്പിന്റെയും ഭാഷയില്‍ ലോകത്തോട്‌ പറഞ്ഞു.
വരികള്‍ക്കിടയില്‍,വായിയ്ക്കുക ..
അവിടെ അറ്റുപോയ നാവിന്റെ ആര്‍ത്തനാദം കനയ്ക്കുന്നു...

അങ്ങിനെയാണ് ലോകം,
ഉറുമ്പുകളുടെ ചരിത്രം എഴുതി തുടങ്ങിയത്..

കാലാന്തരത്തില്‍,
മുന്‍പേ പോവേണ്ട ഉറുമ്പുകളൊക്കെയും ,
ചിതലുകളായി പരിണമിച്ചു...

അവ ചരിത്രം തിന്നു തുടങ്ങി....

അലഞ്ഞു നടപ്പുണ്ട്,
നാഥനില്ലാത്ത ഒരുമ്പിന്‍ കൂട്ടങ്ങള്‍...
നാളെയ്ക്കു വേണ്ടി കാത്തു വെയ്ക്കാന്‍,
കരുത്തുള്ളോരു വാക്കും തിരഞ്ഞ്...
വായിച്ചതും, പഠിച്ചതും,
സ്വപ്നം കണ്ടതും എല്ലാം,
പാതി വഴിയില്‍ ഉപേക്ഷിച്ചു,
അതിജീവനത്തിന്റെ ഊടു വഴികളിലേയ്ക്ക് ഇറങ്ങിപ്പോവുമ്പോള്‍.. ,
ഉള്ളില്‍ ആരോ,
ചൂഴ്നെടുക്കപ്പെട്ട കണ്ണുകളും,
തകര്‍ന്ന നെഞ്ഞുമായി,
വിറയ്ക്കുന്ന കൈവിരല്‍ ചൂടി പുലമ്പുന്നു......

"ദ്രോഹി... ദ്രോഹി...."

ശമ്പളക്കാശിന്റെ ചൂട് നെഞ്ചോടു ചേര്‍ത്ത്,
അമ്മയുടെ മരുന്നിനെ കുറിച്ചുള്ള
എന്‍റെ ആലോചനയ്ക്കിടയിലേയ്ക്കു മുടന്തിക്കയറി,
ഒതുതീര്‍പ്പിന്റെ നെറികെട്ട നിലാവിന് കീഴെ,
എന്നെ ഉലച്ചുകൊണ്ട്‌ അലറുന്നു...

" നിങ്ങള്‍ ഒരു തോറ്റ ജനതയാണ്.... "

Monday, May 10, 2010

വഴികളുടെ വിളി കേട്ട്...
ഒരിയ്ക്കല്‍, ഒരു പുലര്‍ച്ചെയാണ്
ആദ്യമായി ഇറങ്ങിയത്...
ജന്മത്തിന്റെ ചരിത്രാതീത കാലം -തൊട്ടു
വാക്കുകളുടെ വിത്തുകളായി,
എന്നിലുറങ്ങിയിരുന്ന വഴികള്‍ അന്ന് മുതല്‍ വളര്‍ന്നുകൊണ്ടിരുന്നു,....
നാടിന്‍റെ ഞരമ്ബിലൂടെയുള്ള അലച്ചിലിനിടയിലെപ്പോഴോ...
ഞാന്‍ ഈ നാടിനെ പ്രണയിച്ചു തുടങ്ങി.....
എന്‍റെ പ്രിയപ്പെട്ട മൂന്നാം ലോക രാജ്യത്തെ...
നീ അറിയുക,
എന്‍റെ മരണവും,
അവസാനിയ്കാത്ത വഴികളുടെ ആരംഭമാണ്.....
അവ നിന്നോട്, ഒരു ഊരുതെണ്ടിയുടെ സ്വപ്നങ്ങളെ കുറിച്ച് പറയും.....

Thursday, March 25, 2010

നാം,
അസ്വസ്ഥത കൊണ്ട് കൂട്ടിക്കെട്ടിയ രണ്ടു ജന്മങ്ങളാണ്.....

ഞാന്‍,
കൊഴിഞ്ഞു പോവുന്ന ഇലകളെക്കുറിച്ചും,
നീ,
ആകാശത്തിന്റെ അതിര്‍ത്തികളെക്കുറിച്ചും ,
സദാ വേവലാതിപ്പെടുന്നു.....

എന്നിട്ടും,വാക്കുകളൊക്കെയും, വിഴുങ്ങുന്ന
തമോഗര്‍ത്തത്തിന്റെ തീരത്ത്,
നാം ഒരുമിച്ചുറങ്ങുന്നു....

നീ..


കോറി വരഞ്ഞ,

വാക്കുകള്‍ക്ക് പകരം വെയ്ക്കാന്‍

നീ തന്നത് ഒരുപാടു പൂക്കളാണ്...

ഭംഗിയില്‍ അതെന്റെ മേല്‍ അടുക്കി വെച്ച്,

ധൃതിയില്‍,

തിരിഞ്ഞു നോക്കാതെ,

നീ, നടന്നു പോയി....

ഞാന്‍


ഞാന്‍....
പറിച്ചു നടപ്പെട്ട ഒരു ചെടിയാണ്.....

മുറിഞ്ഞു പോയ ആണി വേരിനെ ചൊല്ലി
സദാ വേദനിയ്ക്കുന്ന കാട്ടുചെടി....

ഇലകളൊക്കെ ലോപിച്ച് മുള്ളുകളായി തീര്‍ന്നിട്ടും....

വേനലിനെ ഞാന്‍ ഭയക്കുന്നത് എന്തുകൊണ്ടാണ്..?????

വീട്


രണ്ടു ശരികള്‍ തമ്മിലുള്ള ദൂരം,
ഒരു ശരിയും,
ഒരു തെറ്റും
തമ്മില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്.

കാലപ്പഴക്കം കൊണ്ട്,
ശരികള്‍ അത്രമേല്‍ ശരികളയിരിയ്ക്കുന്നു....

സമാന്തരങ്ങളില്‍ നിന്ന്,
ത്രാണിയ്ക്കാന്‍ ,
കെല്‍പ്പില്ലാതതിനാലാവാം
ഞാന്‍ ഒരു പുത്രിയായിപ്പോയത്.
എങ്കിലും...
ജീവിതം വാര്‍ന്നു പോവുന്ന
ഓട്ടകൈ കൊണ്ട്
ഞാന്‍ ഇപ്പോഴും അളക്കുന്നു....

എന്നെങ്ങിലും, ദൂരങ്ങള്‍ക്ക് മടുക്കാതിരിയ്ക്കുമോ....????

Saturday, January 30, 2010

ഇനി,നീ വിളിയ്ക്കാതെ...
മറവിയുടെ ജാലകപ്പാതിയ്ക്കുംഅപ്പുറംനിന്നും,ഇനി വെറുതെ വിളിയ്ക്കാതെ...
പെയ്ത മഞ്ഞും മഴയും മണല്‍ക്കാറ്റുംഏറ്റ്ഇരുണ്ട ഇടനാഴിയില്‍ വീണ്ടും,ദീപനാളം തെളിയ്ക്കാതെ പോയ്ക്കൊള്കീ-
കാര മുള്ളിനെ കൈ വെടിഞ്ഞെക്കുക..
വിട്ടു പോയവര്‍, വേര്‍പെട്ടു പോയവര്‍..
യാത്ര പറയാതെ പോയ സഹയാത്രികര്‍... ഒരാള്‍കൂട്ടമുണ്ടെന്റെ നനഞ്ഞ കണ്‍പീലിയില്‍ഒരായുസ്സ്ഇരമ്പുന്നു ..
വിറയ്ക്കുന്ന തൊണ്ടയില്‍ ...
വേണ്ടെനിയ്ക്കിനീ ഹൃദയം...
അലിവിന്റെ നേര്‍ത്ത കൈവിരല്‍ തൊട്ടാല്‍വിതുമ്പുന്ന-
കാട്ടു പക്ഷിതന്‍ കൂടിതില്‍ ബാക്കിയാം-പോയകാലവും പടര്‍ന്ന ചായങ്ങളും...
എന്റെ സര്‍വവും പിന്നില്‍ വെടിഞ്ഞു ഞാന്‍നിസ്വയായ്‌ പടി കടന്നീടവെ,നേര്‍ത്ത തേങ്ങലായ് പിന്‍ വിളിയ്ക്കാതെ നീ ... ആവതില്ല എനിയ്ക്കിനി നോവുവാന്‍...
നിസ്സാരന് പ്രണയം തോല്‍വിയാണ്... മുറിവാണ്... വേദനയാണ്... അതിസാധാരണമായ ശരീരത്തിനപ്പുറം ഒരു ആകാശവും ഒരു കടലും ഞാന്‍ എന്റെ കണ്ണുകളില്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്നു... അവിടെ നീ കാണാതെ നരച്ചു പോയ നക്ഷത്രങ്ങളും.. നീ തൊടാതെ വിഷം തീണ്ടിപ്പോയ കടല്‍ ചിപ്പികളും ഉണ്ട്...

ക്ഷണികം

നിന്റെ കാല്‍പ്പാടുകള്‍ പോലും മാഞ്ഞു പോവുമ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത് . ഞാന്‍ പ്രണയിച്ചത് നിന്നെയല്ല... നിന്റെ സ്വരം... ഗന്ധം..ശരീരം... മനസ്.. ഒന്നിനെയുമല്ല... ആരൊക്കെയോ കോരി വരഞ്ഞു പോയ മനസിനെ നിന്നോട് ചേര്‍ത്ത് വെയ്ക്കാന്‍ ഞാന്‍ സഹിച്ച നഷ്ടങ്ങലെയായിരുന്നു.....

ആര്‍ദ്രം

ഒറ്റ വാക്കില്‍ മുറിഞ്ഞു പോവുന്ന നാഡീ ഞരമ്പാണ് നീ ....അതറിഞ്ഞിട്ടും... എന്റെ ഭ്രാന്തിനെ നീ കൈനീട്ടി തൊടുമ്പോള്‍ ... ഞാന്‍ പ്രനയിയ്ക്കാതിരിയ്ക്കുന്നതെങ്ങിനെ.....

നിര്‍ണയം

ഒരുപാടു മുറിഞ്ഞ ആത്മാവാണ് എന്റെത്... എന്നറിയാമായിരുന്നു....ഞാനൊരു മുള്ള് മരമാണെന്ന് പറഞ്ഞത് നീയാണ്...എന്റെ തന്നെ മുള്ളുകളാണ് കോറി വരഞ്ഞതെന്നും......

വെറുതെ..

മഴ പടര്‍ന്ന ജാലകത്തില്‍ ഞാന്‍ നിന്റെ പേരെഴുതുന്നു... മാഞ്ഞു പോവും എന്നറിഞ്ഞു കൊണ്ടു തന്നെ