Pages

Saturday, August 27, 2011

വേനല്‍മരങ്ങള്‍

ഒറ്റയ്ക്കുള്ള യാത്രകള്‍ ഒരര്‍ഥത്തില്‍ തീര്‍ഥാടനങ്ങളാണ് . ഇന്നലെകളിലെ പലായങ്ങലളിലെയ്ക്ക് താളാത്മകമായൊരു തീവണ്ടിപ്പാച്ചില്‍ . നിലാവിന്റെ ജനാലക്കാഴ്ച്ചകളില്‍ ഇലയറ്റു കരുവാളിച്ചൊരു മരം, അകന്നകന്നു പോവുന്നു. നീണ്ടവിരലുകള്‍ ആകാശത്തേയ്ക്കുയര്‍ത്തി.നീണ്ടവിരലുകള്‍ ... ഓര്‍മയുടെ പ്രകാശ വേഗങ്ങളില്‍ കറ്റാര്‍വാഴയുടെ ചുവ.
അവള്‍ വിവാഹിതയായിരുന്നു.മെഡിക്കല്‍ കോളേജ് ലബോറട്ടറി ജീവനക്കാരനായ അവളുടെ ഭര്‍ത്താവ് പഴയ സ്കൂട്ടറില്‍ അവളെ ഹോസ്റല്‍ മുറ്റത്ത്‌ കൊണ്ടിറക്കി തിരിഞ്ഞു നോക്കാതെ ഓടിച്ചു പോവും.പ്രകോപിപ്പിയ്ക്കാനോ, പിന്തിരിപ്പിയ്ക്കാനോ കഴിയാത്ത ഏതോ ഒരുറപ്പ് അവളുടെമുഖത്ത് നിഴലിച്ചു. നീണ്ടു മെലിഞ്ഞ കൈപ്പത്തി എന്റെ ഹൃദയത്തിനു മേല്‍ നീര്‍ത്തി വെച്ച് അവള്‍ ചോദിയ്ക്കാറുണ്ട്, "അടഞ്ഞു കിടക്കുന്ന എത്ര അമ്പലങ്ങളുണ്ട് ഇതിനകത്ത്"??!!നിശബ്ദനായ കൊലയാളിയെപ്പോലെ, സ്നേഹം ഞങ്ങളിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
ഹോസ്റല്‍ മുറ്റത്ത്‌ നിന്ന് ഭര്‍ത്താവിനൊപ്പം,അവള്‍ ഇറങ്ങിപ്പോവുബോഴെല്ലാം കണ്‍ ഞരമ്പുകളില്‍ തേള് കടിചിട്ടെന്നോണം എനിയ്ക്ക് കാഴ്ച കടഞ്ഞു. തിരികെ വന്ന് മണിക്കൂറുകളോളം അവള്‍ കുളിച്ചു, വെള്ളമിറ്റു വീഴുന്ന ശിരസിലേയ്ക്ക് എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു കരഞ്ഞു, "എനിയ്ക്ക് ശവങ്ങളെ ഭയമാണ്, നോക്കൂ,എന്നെ ഫോര്‍മാലിന്‍ മണക്കുന്നുവോ???" അവളുടെ കണ്ണുകള്‍ക്ക്‌ കറ്റാര്‍ വാഴയുടെ രുചിയായിരുന്നു.
ബോധമറ്റുവീണ അവളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുംബോഴും എന്നത്തേയും പോലെ സുഹൃത്തുക്കള്‍ നിശബ്ദമായി എന്നെ അനുഗമിച്ചു.കാഷ്വാലിറ്റിയുടെ നീണ്ട ഇടനാഴിയില്‍ നില്‍ക്കവേ, അവളുടെ ഗര്‍ഭപാത്രം ഒരു കയ്പ്പവള്ളിയാണ് , എന്നും മൃദുലമായ തന്തുക്കള്‍ കൊണ്ട് ചുറ്റി ചുറ്റി പിടിച്ച്, ഒരു കിടാവ് എന്റെ ഹൃദയത്തില്‍ വന്നു തട്ടുന്നുവെന്നും എനിയ്ക്ക് തോന്നി. കണ്ണാടിയില്‍ നിന്ന് നിര്‍വചിയ്ക്കാനാവാത്തൊരു വാക്ക് എന്നെ പകച്ചു നോക്കിക്കൊണ്ടിരുന്നു.
എന്റെ നാടോടി ഞരമ്പുകളില്‍ പലായനത്തിന്റെ പേനുകള്‍ ഒഴുകുന്നു. അവസാനിയ്ക്കാത്ത അഴികള്‍ അവ എനിയ്ക്ക് തുറന്നു തരുന്നു.ഇലയട്ടെഴുന്നു നില്‍ക്കുന്ന മരച്ചില്ലകള്‍ക്കിടയിലൂടെ ഒരു വെളിച്ചം കാണുന്നുവോ, ഒരു പക്ഷെ അതായിരിയ്ക്കം, ജീവിതം.

Saturday, August 20, 2011

ധനുഷ്കോടി

==============
ഓരോ അണുവിലും
കാറ്റിന്റെ കയ്യ്
കണ്ണ്
നാവ്,
കാറ്റല്ല,നിന്റെ നാടിന്‍റെ കരച്ചില്‍ .

മുറിച്ചു കളയപ്പെട്ട ഞരമ്പുകളിലിപ്പൊഴും
സ്വപ്നം മിടിയ്ക്കുന്നുവെന്ന്
ഹൃദയം ഞരങ്ങുന്നു.

മണലിന്റെ സ്വച്ഛതയിലിരുന്ന്
നിന്റെ തെരുവുകളിലെ രക്തം പകര്‍ത്തുന്ന
എന്നെ,
ഭീരുവെന്നോ, വിഡ്ഢിയെന്നോ വിളിയ്ക്കാം.
തീര്‍ച്ചയായും,
എനിയ്ക്ക് നഷ്ടപ്പെടാനുണ്ട്.

എങ്കിലും ,
മനുഷ്യനെ മജ്ജ കൊണ്ട് മാത്രം തിരിച്ചറിയുന്ന
ഏതോ പ്രദേശത്ത് ചെന്ന്
നിന്നെ ചേര്‍ത്ത് പിടിച്ചു കരയാന്‍
ഞാനാഗ്രഹിയ്ക്കുന്നു.
====================
*ഒരു കടല്‍ മുനമ്പ്.
സമര്‍പ്പണം..... പ്രിയപ്പെട്ട ലങ്കന്‍ സുഹൃത്തുക്കള്‍ക്ക്.

Monday, August 8, 2011

കൃപാസാഗരം



------------------------------

ഓരോ രാത്രിയും
തീവണ്ടി,
തുരങ്കത്തിലൂടെ എന്നപോലെ,
നീ എന്നിലൂടെ പായുന്നു.

കയ്ക്കുന്ന ഇരുട്ട്
ദിക്കറ്റ പിടച്ചിലുകള്‍
വെളിച്ചതിനായുള്ള എന്റെ കാത്തിരിപ്പുകള്‍ .

സന്യാസിനിയെ ബാലക്കാരം ചെയ്യും പോലെ-
എന്ന് പിറുപിറുത്തു
നിനക്ക് കണ്ണ് നിറയുന്നു.

നാം പരസ്പരം തോല്‍ക്കുകയാണ്.
ശരീരം കൊണ്ട് സ്നേഹിയ്ക്കുന്ന വിഡ്ഢിത്തം
എനിയ്ക്ക് കൈമോശം വന്നിരിയ്ക്കുന്നു.

എന്റെയാത്മാവിനെ അറിയാനുള്ള
പഞ്ചേന്ദ്രിയങ്ങള്‍ നിനക്കും.

ചില നേരങ്ങളില്‍
താങ്ങാന്‍ വയ്യാത്ത ഭാരങ്ങളെയാണ്
നാം,
ജീവിതം എന്ന് വിളിയ്ക്കുന്നത്.

കണ്ണാ,
ഇന്ന്,
നീയെന്റെ നെഞ്ചോടു ചേര്‍ന്ന്
കരഞ്ഞുകൊള്ലുക. .