Pages

Wednesday, May 19, 2010

പോവുന്നിടത്തെല്ലാം, എന്തെങ്ങിലും ബാക്കി വെയ്കുക എന്നത് അരുണയുടെ ശീലമായിരുന്നു.കീഴ്ക്കാം തൂക്കായ ആ പാറക്കെട്ടുകളില്‍ അവള്‍ പേര് എഴുതിയിട്ടിട്ടുണ്ട്. ആ മുളകളുടെ തണ്ടുകളില്‍ കോരി വരഞ്ഞിട്ടുണ്ട്.മഞ്ഞു മൂടിയ ആ താഴ്വാരത്ത്, ഒരു സില്‍വര്‍ വോക്ക് നട്ടിട്ടുണ്ട്. അങ്ങിനെയങ്ങിനെ...

എപ്പോഴും എന്തെങ്ങിലുമൊക്കെ ബാക്കിയാക്കുന്നതില്‍, അവള്‍ അസ്ഥിത്വം ഒളിപ്പിച്ചു വെച്ചു.എന്നെങ്ങിലും ഒരിയ്ക്കല്‍, അവിടങ്ങളിലേയ്ക്ക്‌ തിരിച്ചുചെല്ലനാവും എന്ന് വിശ്വസിച്ചു. വഴികളില്‍ ബാക്കിയാക്കിയവ അങ്ങിനെയാണ് അരുണയ്ക്ക് പ്രിയപ്പെട്ടവയായത് . കണ്മുന്‍പില്‍ നിന്ന് മാഞ്ഞു പോയ മനുഷ്യര്‍ അവളില്‍ അവസനിപ്പിച്ചതൊക്കെയും വഴികളില്‍ ഒളിച്ചു വെയ്ക്കാന്‍ അരുണ ആഗ്രഹിച്ചു. ദേഹത്തില്‍ നിന്നകന്നു ഏതോ ദേഹി, തന്നെ കാണും പോലെ , തന്നില്‍ നിന്നകന്ന്, താന്‍ ലോകത്തെ കാണുമ്പോള്‍, തിരിച്ചറിയാന്‍, എന്തെങ്ങിലുമൊക്കെ ബാക്കിയാവണം എന്നത് അവളുടെ സ്വാര്‍ഥതയായിരുന്നു.
ഒരു വേനല്‍ യാത്രയുടെ ആരംഭത്തില്‍ ഒരു കുടന്ന വെള്ളമാണ് അവള്‍ ബാക്കിയാക്കിയത്.വീണ്ടുമൊരു വേനലില്‍ തിരികെ വരുവാന്‍ ഒരു പിന്‍വിളിയ്ക്കായി.പോവും മുന്‍പ്, കാക്കയോടു അവള്‍ ഇങ്ങനെ പറഞ്ഞു , തിരികെ വന്നില്ല എങ്കില്‍ ഇത് നിനക്കുള്ളതാണ്, കല്ലിട്ടു കുടിയ്ക്കേണ്ട, ഇതും, ഒരുരുള ചോറും നിന്റെ അവകാശമാണ്. എന്നിലൂടെ നീ അത് ബാക്കിയാക്കുന്നു.. കാക്ക ഇര തേടി പറന്നു പോയി.. അവസാനമില്ലതൊരു വഴിയിലേയ്ക്കു അവളും.

Saturday, May 15, 2010

സാധ്യമായത്.....

Tuesday, May 11, 2010

ഉറുമ്പുകളെ കുറിച്ച് അറിയേണ്ടതെല്ലാം...

ചരിത്രം,
ഇരട്ട വാലന്മാര്‍ക്ക്
പാഞ്ഞു കളിയ്ക്കാനുള്ളതാണ്.,
എന്ന് കരുതിപ്പോന്ന കാലത്താണ്,
ഉറുമ്പുകള്‍ ഉണ്ടായത്......

മണ്ണറകളില്‍ നിന്ന്,പുകക്കുഴലുകളില്‍ നിന്ന്,
പാടപ്പറമ്പ്കളില്‍ നിന്ന് ,
അവ
തെരുവിലേയ്ക്ക് തിങ്ങിയിറങ്ങി ..
വിയര്‍പ്പിന്റെയും,
വിശപ്പിന്റെയും ഭാഷയില്‍ ലോകത്തോട്‌ പറഞ്ഞു.
വരികള്‍ക്കിടയില്‍,വായിയ്ക്കുക ..
അവിടെ അറ്റുപോയ നാവിന്റെ ആര്‍ത്തനാദം കനയ്ക്കുന്നു...

അങ്ങിനെയാണ് ലോകം,
ഉറുമ്പുകളുടെ ചരിത്രം എഴുതി തുടങ്ങിയത്..

കാലാന്തരത്തില്‍,
മുന്‍പേ പോവേണ്ട ഉറുമ്പുകളൊക്കെയും ,
ചിതലുകളായി പരിണമിച്ചു...

അവ ചരിത്രം തിന്നു തുടങ്ങി....

അലഞ്ഞു നടപ്പുണ്ട്,
നാഥനില്ലാത്ത ഒരുമ്പിന്‍ കൂട്ടങ്ങള്‍...
നാളെയ്ക്കു വേണ്ടി കാത്തു വെയ്ക്കാന്‍,
കരുത്തുള്ളോരു വാക്കും തിരഞ്ഞ്...
വായിച്ചതും, പഠിച്ചതും,
സ്വപ്നം കണ്ടതും എല്ലാം,
പാതി വഴിയില്‍ ഉപേക്ഷിച്ചു,
അതിജീവനത്തിന്റെ ഊടു വഴികളിലേയ്ക്ക് ഇറങ്ങിപ്പോവുമ്പോള്‍.. ,
ഉള്ളില്‍ ആരോ,
ചൂഴ്നെടുക്കപ്പെട്ട കണ്ണുകളും,
തകര്‍ന്ന നെഞ്ഞുമായി,
വിറയ്ക്കുന്ന കൈവിരല്‍ ചൂടി പുലമ്പുന്നു......

"ദ്രോഹി... ദ്രോഹി...."

ശമ്പളക്കാശിന്റെ ചൂട് നെഞ്ചോടു ചേര്‍ത്ത്,
അമ്മയുടെ മരുന്നിനെ കുറിച്ചുള്ള
എന്‍റെ ആലോചനയ്ക്കിടയിലേയ്ക്കു മുടന്തിക്കയറി,
ഒതുതീര്‍പ്പിന്റെ നെറികെട്ട നിലാവിന് കീഴെ,
എന്നെ ഉലച്ചുകൊണ്ട്‌ അലറുന്നു...

" നിങ്ങള്‍ ഒരു തോറ്റ ജനതയാണ്.... "

Monday, May 10, 2010

വഴികളുടെ വിളി കേട്ട്...
ഒരിയ്ക്കല്‍, ഒരു പുലര്‍ച്ചെയാണ്
ആദ്യമായി ഇറങ്ങിയത്...
ജന്മത്തിന്റെ ചരിത്രാതീത കാലം -തൊട്ടു
വാക്കുകളുടെ വിത്തുകളായി,
എന്നിലുറങ്ങിയിരുന്ന വഴികള്‍ അന്ന് മുതല്‍ വളര്‍ന്നുകൊണ്ടിരുന്നു,....
നാടിന്‍റെ ഞരമ്ബിലൂടെയുള്ള അലച്ചിലിനിടയിലെപ്പോഴോ...
ഞാന്‍ ഈ നാടിനെ പ്രണയിച്ചു തുടങ്ങി.....
എന്‍റെ പ്രിയപ്പെട്ട മൂന്നാം ലോക രാജ്യത്തെ...
നീ അറിയുക,
എന്‍റെ മരണവും,
അവസാനിയ്കാത്ത വഴികളുടെ ആരംഭമാണ്.....
അവ നിന്നോട്, ഒരു ഊരുതെണ്ടിയുടെ സ്വപ്നങ്ങളെ കുറിച്ച് പറയും.....