Pages

Friday, December 2, 2011

അക്ഷരത്തെറ്റ്വരിയൊപ്പിച്ചു വെച്ച അര്‍ഥങ്ങളെ
ഒരക്ഷരം കൊണ്ട് തെറ്റിച്ചു കളയുന്നത്
ആത്മഹത്യ പോലെ
ക്രൂരമായൊരു സുഖമാണ്.

കറുത്ത ഓര്‍മകളുടെ കൈത്തണ്ട
മുറിച്ചു കളയുമ്പോഴെന്ന പോലെ
അത് സാധൂകരിയ്ക്കുന്നു.
ഞരമ്പുകളിലൊഴുകുന്ന
അക്ഷരത്തെറ്റിന്റെ ജനിതകത്തെ.

ഓരോ തെറ്റും
ഓരോ നിമിത്തങ്ങളാണ്
ഓര്‍മ്മപ്പെടുത്തലുകള്‍ .
നമുക്കിടയിലെയ്ക്ക്
കൂവിക്കിതച്ചു വന്ന ചതികളുടെ.

അനാഥരുടെ ജീവിതം
പലായനങ്ങളുടെ കണക്കു പുസ്തകമാണ്.
കര്‍ത്താവും കര്‍മവും ക്രിയയും ഒന്നാവുന്ന
കറുത്ത ബിന്ദു.

ഓരോ അക്ഷരപ്പിശകും
അതിന്റെ കണ്ണില്‍ തറയ്ക്കുന്ന
കുപ്പിച്ചില്ലുകള്‍

അവനവനോടുള്ള
അളവറ്റ കരുണയുടെ
അഗാധ ഗര്‍ത്തങ്ങള്‍ .

മുള്ളിവായ്‌ക്കല്‍ *
===============
മണലില്‍ മാന്തുന്ന കാറ്റിന്റെ,
തീരാവ്യഥ.
കറുത്ത തൊലിയ്ക്കടിയില്‍ കത്തുന്ന
കരച്ചില്‍ പോലെ
കടല്‍ .
കുഴിച്ചുമൂടപ്പെട്ട നാവുകള്‍
പനമ്പട്ടകളില്‍
പിറുപിറുക്കുന്നു.
ജീവിതം ....
ജീവിതം........

കാണികള്‍ ,
എഴുകര നിറയെ
തോറ്റ മനുഷ്യര്‍
എഴുകടല്‍ നിറയെ
തോറ്റ ദൈവങ്ങള്‍
കത്തിയ കടല്‍
കലങ്ങിയ കര.
കനവിലും വെടിയ്ക്കുന്ന
കാറ്റും, ആകാശവും,
നെഞ്ചില്‍ കുരുങ്ങുന്ന
കരച്ചിലിന്റെ മൂര്‍ച്ച.

കവിയുടെ ചിതയില്‍
ചരിത്രം ചാമ്പലാവുമ്പോള്‍
കരയാകെ,
കടലാകെ,
കാറ്റു പിറുപിറുക്കുന്നു.
ജീവിതം....
ജീവിതം....
=============
മുള്ളിവായ്ക്കല്‍ -ഒരു ശ്രീലങ്കന്‍ പ്രദേശം
2009 ലെ വേനല്‍ക്കാലത്ത് തമിഴര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഒരിടം.

പാര്‍ക്കില്‍-----------------------
നരച്ച നിലാവിനു താഴെ,
ഒരേ വേദനയുടെ
രണ്ടറ്റങ്ങളിരിയ്ക്കുന്നു.
തുള വീണ ശ്വാസകോശങ്ങളില്‍
നീറിപ്പടരുന്ന
സിഗരറ്റു പുകപോലെ
ഇടയിലെ മൌനം.

നമ്മള്‍ ,

പിന്‍വിളിയ്ക്കാന്‍ ആരുമില്ലാഞ്ഞ്
നടോടിയായിപ്പോയ കാറ്റുകള്‍ .
ഭാരമുള്ള അസ്തിത്വങ്ങള്‍
കറുത്ത തൊലി പോലെ
കടലിരമ്പം പോലെ
ചില യുദ്ധങ്ങള്‍
ചോരയില്‍ കലര്‍ന്ന് പോയവര്‍

നമ്മുടെ ജീവിതം,
ഒരാളുടെ കണ്ണു നിറയും
വരെ മാത്രം നീണ്ട വഴക്കുകള്‍
ഒറ്റയ്ക്കുറങ്ങാന്‍ വയ്യെന്ന വാശികള്‍
രണ്ടായി പിരിഞ്ഞു പോയിരിയ്ക്കുന്നു

വാക്കുകള്‍ വേണ്ട,
വാഗ്ദാനങ്ങളും
മുപ്പതു വെള്ളിക്കാശിന് ഒരു സുഹൃത്ത്‌
നിന്നെ ഒറ്റിക്കൊടുക്കാതിരിയ്ക്കട്ടെ എന്ന് ഞാനും,
എന്റെ രാത്രിവണ്ടി ഇനിയും വൈകാതിരിയ്ക്കട്ടെ എന്ന് നീയും
ആശംസിയ്ക്കുന്നു.

ഇനിയൊരിയ്ക്കലും സാധ്യമാവാത്തവണ്ണം
സ്നേഹിയ്ക്കപ്പെട്ട രണ്ടു പേര്‍ ,
നരച്ച നിലാവിനു താഴെ നിന്നും
പിരിഞ്ഞു പോവുന്നു.

കാളകൂടം-------------------
മന്ദിരങ്ങളില്‍ നിന്നിറങ്ങി വരുന്ന
തെരുക്കൂത്തു കലാകാരന്‍മാരേ,
നിങ്ങളെല്ലാവരും നഗ്നരാണ്.!
അത് പരസ്പരം വിളിച്ചു പറയില്ലെന്ന
ധാരണയിലാണ്

നിങ്ങള്‍,

മുഖത്ത് ചായം തേയ്ക്കുന്നത് !

(ഇടത്തേ ചൂണ്ടുവിരലില്‍ നിന്ന്
കറുത്ത മഷിയിറ്റി
ഞങ്ങളുടെ ശബ്ദം മാഞ്ഞു പോയിരിയ്ക്കുന്നു.)

എന്തിനാണ് കണക്കുകള്‍?
മരിയ്ക്കാന്‍ ഭയം നിങ്ങള്‍ക്കാണ്.
മാറാനും.

പ്രളയത്തിനു ശേഷം പറക്കുന്ന
സഡാക്കോ ചിറകുകള്‍ക്ക്
കടലിന്റെ നേരും
കടലപ്പാടത്തിന്റെ
ചൂരും കാണും.
അവയുടെ കണ്ണുകളില്‍ നോക്കുക.

ഓര്‍മ വേണം.
നിങ്ങളുടെ
വീടുകളില്‍ തെളിയുന്ന വെളിച്ചം
ഞങ്ങളുടെ മരണമാണെന്ന്.!

ബോധ്യപ്പെടുത്തല്‍ മതിയാക്കി
നിങ്ങളുടെ വിളക്കുകള്‍ കൊളുത്തിക്കൊള്‍ക !