Pages

Friday, April 29, 2011

ജന്മാന്തരം

വെയിലിനെ മറന്നേയ്ക്ക വാകേ,
നിന്റെ ചില്ലകള്‍ക്കാവില്ല
ഓര്‍മയുടെ നെരിപ്പോട് താങ്ങുവാന്‍.
വേനലിന്റെ പ്രണയത്തില്‍
അന്ധയായൊരു പ്രാണനെ കണ്ടുവോ?
വീണ്ടുമൊരു പിറവിയ്ക്ക് മുന്‍പുള്ള
വിരസമായ ഇടവേളയില്‍,
അത്, മണ്ണിന്റെ മഹാമൌനത്തില്‍
ഒറ്റയ്ക്കിരിയ്ക്കുന്നു.
ആത്മഹത്യ ചെയ്യാനുള്ള ആയുധവും
പിടിച്ചു വാങ്ങപ്പെടുമ്പോള്‍ ,
നെഞ്ഞു ഞെരിച്ചു പടരുന്ന ഗന്ധകപ്പുകയാണ്
കവിത.
പൂക്കാതെ.
ലോകത്തിനറിയില്ല,
പൂക്കാനുള്ള കാരണങ്ങള്‍.

Wednesday, April 27, 2011

മാറാപ്പ്

മൂന്നക്ഷര വാക്കുകളെല്ലാം പാഴാണ്
എത്രമേല്‍ ഉച്ചത്തില്‍ നിങ്ങളവയെ
വിശ്വസിയ്ക്കുന്നുവോ,
അത്രയും നിശബ്ദമായി
അവ, നിങ്ങളെ ചതിയ്ക്കുന്നു.
അലിവ്
വിശ്വാസം
പ്രണയം
വിവേകം
അറിവ്
വിവാഹം
മൂന്നക്ഷരം കൊണ്ട് തുന്നിയ
വാക്കുകള്‍ എല്ലാം പാഴാണ്
ജീവിതമൊഴികെ.

Monday, April 18, 2011

അസ്തമയത്തിന്റെ അര്‍ത്ഥങ്ങള്‍

ആശുപത്രിയുടെ ആറാം നിലയില്‍ ഞാന്‍, ആത്മഹത്യയ്ക്ക് കൂട്ടിരിയ്ക്കുന്നു. ഈ മുറി മുഴുവന്‍ അസ്തമയമാണ്. അവളുടെ ഞരമ്പുകളില്‍ പടര്‍ന്ന മയക്ക ഗുളികയെന്നപോലെ അബോധം എന്നിലേയ്ക്ക് നുഴയുന്നു. തുള വീണ ശ്വാസകോശത്തില്‍ കടല്‍ക്കാക്ക പിടഞ്ഞു പാറുന്നു. ജനലിനപ്പുറം പാറുന്ന പരുന്തിന് നിന്റെ മുഖം. അതോ അവന്റെയോ?? ഒരനാഥയ്ക്ക്, വേദനയൊക്കെ ഒരാര്‍ഭാടം തന്നെയാണ്. എങ്കിലും, വറുതി കത്തിയ ഒരുച്ചയ്ക്ക്, നീ വാങ്ങിതന്ന പൊതിചോറ് തൊണ്ടയിലടയുന്നു. ഒരിയ്ക്കലും നീ എന്നെ സ്നേഹിച്ചിരുന്നില്ല എന്നത്, അറ്റമില്ലാത്ത ഒരു താഴ്ചയാണ്. ഞാന്‍ വീണു കൊണ്ടേയിരിയ്ക്കുന്നു. എല്ലാ കരയും ഉപേക്ഷിച്ചു പോവാനുല്ലതാണ്. വന്ന തിരകളൊക്കെ തിരിച്ചു പൊയ്ക്കോട്ടേ. ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് ഒരു പക്ഷി പറക്കുന്നു.