Pages

Saturday, June 18, 2011

പരിധി

പ്രണയത്തിനെപ്പൊഴും പരിധികള്‍ വേണം.
നിന്‍റെ ചന്ദ്രക്കല പോലെ
എന്‍റെ ചന്ദനം പോലെ
നിന്‍റെ തീയെരിയുന്ന സ്വപ്നങ്ങള്‍ പോലെ
എന്റമ്മയുടെ മുറുക്കിയുടുത്ത വയര്‍ പോലെ
നമുക്കിടയിലൊഴുകുന്ന ഇന്ദ്രാവതി പോലെ

പരിധിയ്ക്കപ്പുറം
നമ്മില്‍ നിന്ന് വീണു പോവുന്ന നാം.

തുരുമ്പിച്ച വാക്കുകള്‍
പഴയ യുദ്ധങ്ങള്‍
പുകയുന്ന,
കയ്ക്കുന്ന,
മടുപ്പിയ്ക്കുന്ന നേരുകള്‍.

വിശക്കുമ്പോള്‍ -വിഷം
എന്ന പോലെ സമാഗമം.

പ്രണയത്തിന്നെപ്പോഴും പരിധികള്‍ വേണം.
നീ പോലെ
ഞാന്‍ പോലെ.

======================================


ഇന്ദ്രാവതി - ഒരു പുഴ

മീരാസാധു

നീ സ്നേഹിയ്ക്കുന്നു
കണ്ണുകൊണ്ട്,
ചുണ്ട് കൊണ്ട്,
നഖം കൊണ്ട്,
നീല നിറമാര്‍ന്ന ഉടല്‍കൊണ്ട്‌,
നെഞ്ചിലിരമ്പുന്ന
അലിവിന്‍റെ സമുദ്രിമ കൊണ്ട്.

എങ്കിലും,

ആത്മാവിന്റെ പതിനാറായിരത്തെട്ട്
പന്തിഭോജനങ്ങള്‍ക്കിടയില്‍
എന്‍റെ മുഖം നീ മറക്കുന്നു.

എറിഞ്ഞുടയ്ക്കുന്തോറും ചിതറുന്ന
കണ്ണാടിചീളാണ് ഞാന്‍.

ഓരോ തുരുമ്പിലും-
ഞാന്‍, ഞാനെന്നു കേണ്
അതെന്നെത്തന്നെ കീറി, മുറിയ്ക്കുന്നു.
വികൃതമാക്കുന്നു.

ഇത്,
പ്രണയമല്ല...! കൃഷ്ണാ,
ഇത്,
ഇതെന്‍റെ ആത്മ ബലിയാണ്.

എന്‍റെ വിലപിടിയാത്ത ആത്മഹത്യ.

Friday, June 17, 2011

ധൂമകേതു

വായനശാലയുടെ,
തണുത്ത അകത്തളത്തില്‍ വെച്ച്,
ചേര്‍ത്ത് പിടിച്ചത്, ഓര്‍മയുണ്ട്.

പണ്ട്, കബനിയില്‍ മുങ്ങാങ്കുഴിയിടുമ്പോഴും ,
കൂട്ടുകാരുണ്ടായിരുന്നു,
ഒരുപാട്,
ഇന്നത്തെപ്പോലെ,

കബനിയിലുമുണ്ട്,
നിനയ്ക്കാത്ത നേരത്ത്,
എന്നെയദൃശ്യയാക്കുന്നൊരു ചുഴി.

സ്പടിക ജാലകം തുളച് പ്രാണന്റെ പക്ഷി,
ഒഴുക്കിലാഴ്ന്നൊരു
കൊമ്പിലുടക്കിയപോലെ,
നിന്റെ തോളുകളില്‍ ഞാന്‍ ചേക്കേറി.


നെഞ്ചില്‍ ,
ആര്‍ക്കും വേണ്ടാതെ പിടയ്ക്കുന്ന,
മൂന്നക്ഷരത്തിന്റെ, ഉപ്പ്,
കണ്ണുകളില്‍ നീറി നിറഞ്ഞു.

തിരിച്ചു നടക്കുമ്പോള്‍ ,
എന്തുകൊണ്ടോ, നീ,
മാംസത്തിന്റെ പതുപതുപ്പിനെപ്പറ്റി മാത്രം
സംസാരിച്ചുകൊണ്ടിരുന്നു.