Friday, December 2, 2011
അക്ഷരത്തെറ്റ്
വരിയൊപ്പിച്ചു വെച്ച അര്‍ഥങ്ങളെ
ഒരക്ഷരം കൊണ്ട് തെറ്റിച്ചു കളയുന്നത്
ആത്മഹത്യ പോലെ
ക്രൂരമായൊരു സുഖമാണ്.
കറുത്ത ഓര്‍മകളുടെ കൈത്തണ്ട
മുറിച്ചു കളയുമ്പോഴെന്ന പോലെ
അത് സാധൂകരിയ്ക്കുന്നു.
ഞരമ്പുകളിലൊഴുകുന്ന
അക്ഷരത്തെറ്റിന്റെ ജനിതകത്തെ.
ഓരോ തെറ്റും
ഓരോ നിമിത്തങ്ങളാണ്
ഓര്‍മ്മപ്പെടുത്തലുകള്‍ .
നമുക്കിടയിലെയ്ക്ക്
കൂവിക്കിതച്ചു വന്ന ചതികളുടെ.
അനാഥരുടെ ജീവിതം
പലായനങ്ങളുടെ കണക്കു പുസ്തകമാണ്.
കര്‍ത്താവും കര്‍മവും ക്രിയയും ഒന്നാവുന്ന
കറുത്ത ബിന്ദു.
ഓരോ അക്ഷരപ്പിശകും
അതിന്റെ കണ്ണില്‍ തറയ്ക്കുന്ന
കുപ്പിച്ചില്ലുകള്‍
അവനവനോടുള്ള
അളവറ്റ കരുണയുടെ
അഗാധ ഗര്‍ത്തങ്ങള്‍ .
മുള്ളിവായ്‌ക്കല്‍ *
===============
മണലില്‍ മാന്തുന്ന കാറ്റിന്റെ,
തീരാവ്യഥ.
കറുത്ത തൊലിയ്ക്കടിയില്‍ കത്തുന്ന
കരച്ചില്‍ പോലെ
കടല്‍ .
കുഴിച്ചുമൂടപ്പെട്ട നാവുകള്‍
പനമ്പട്ടകളില്‍
പിറുപിറുക്കുന്നു.
ജീവിതം ....
ജീവിതം........
കാണികള്‍ ,
എഴുകര നിറയെ
തോറ്റ മനുഷ്യര്‍
എഴുകടല്‍ നിറയെ
തോറ്റ ദൈവങ്ങള്‍
കത്തിയ കടല്‍
കലങ്ങിയ കര.
കനവിലും വെടിയ്ക്കുന്ന
കാറ്റും, ആകാശവും,
നെഞ്ചില്‍ കുരുങ്ങുന്ന
കരച്ചിലിന്റെ മൂര്‍ച്ച.
കവിയുടെ ചിതയില്‍
ചരിത്രം ചാമ്പലാവുമ്പോള്‍
കരയാകെ,
കടലാകെ,
കാറ്റു പിറുപിറുക്കുന്നു.
ജീവിതം....
ജീവിതം....
=============
മുള്ളിവായ്ക്കല്‍ -ഒരു ശ്രീലങ്കന്‍ പ്രദേശം
2009 ലെ വേനല്‍ക്കാലത്ത് തമിഴര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഒരിടം.
പാര്‍ക്കില്‍
-----------------------
നരച്ച നിലാവിനു താഴെ,
ഒരേ വേദനയുടെ
രണ്ടറ്റങ്ങളിരിയ്ക്കുന്നു.
തുള വീണ ശ്വാസകോശങ്ങളില്‍
നീറിപ്പടരുന്ന
സിഗരറ്റു പുകപോലെ
ഇടയിലെ മൌനം.
നമ്മള്‍ ,
പിന്‍വിളിയ്ക്കാന്‍ ആരുമില്ലാഞ്ഞ്
നടോടിയായിപ്പോയ കാറ്റുകള്‍ .
ഭാരമുള്ള അസ്തിത്വങ്ങള്‍
കറുത്ത തൊലി പോലെ
കടലിരമ്പം പോലെ
ചില യുദ്ധങ്ങള്‍
ചോരയില്‍ കലര്‍ന്ന് പോയവര്‍
നമ്മുടെ ജീവിതം,
ഒരാളുടെ കണ്ണു നിറയും
വരെ മാത്രം നീണ്ട വഴക്കുകള്‍
ഒറ്റയ്ക്കുറങ്ങാന്‍ വയ്യെന്ന വാശികള്‍
രണ്ടായി പിരിഞ്ഞു പോയിരിയ്ക്കുന്നു
വാക്കുകള്‍ വേണ്ട,
വാഗ്ദാനങ്ങളും
മുപ്പതു വെള്ളിക്കാശിന് ഒരു സുഹൃത്ത്
നിന്നെ ഒറ്റിക്കൊടുക്കാതിരിയ്ക്കട്ടെ എന്ന് ഞാനും,
എന്റെ രാത്രിവണ്ടി ഇനിയും വൈകാതിരിയ്ക്കട്ടെ എന്ന് നീയും
ആശംസിയ്ക്കുന്നു.
ഇനിയൊരിയ്ക്കലും സാധ്യമാവാത്തവണ്ണം
സ്നേഹിയ്ക്കപ്പെട്ട രണ്ടു പേര്‍ ,
നരച്ച നിലാവിനു താഴെ നിന്നും
പിരിഞ്ഞു പോവുന്നു.
Wednesday, September 21, 2011
ആ നഗരം
എന്റെ.
ചീന്തിപ്പോയ മേല്‍ക്കുപ്പായം.
തകര്‍ക്കപ്പട്ട വീട്.
ചിതറിയ പള്ളിക്കൂടം.
കത്തുന്ന കാട് .
പിളര്‍ന്ന ഗര്‍ഭപാത്രം
അസ്തമിച്ച സൂര്യന്‍ .
ഇരുട്ട്,
തണുപ്പ്,
മൂളുന്ന മരണം.
നിങ്ങള്‍ക്കറിയില്ല.
ആ നഗരത്തിലെ
പഴയ പുസ്തകശാല
ഈ ഭൂമിയിലെ,
എന്റെ ഏക ബന്ധുവാണ് .
ഒറ്റയ്ക്കിരുന്നു കരയാവുന്ന ഒരേ ഒരിടം.
എന്നാണ്,
എനിയ്ക്കങ്ങോട്ടു തിരിച്ചു ചെല്ലാനാവുക???????
Saturday, August 27, 2011
വേനല്‍മരങ്ങള്‍
ഒറ്റയ്ക്കുള്ള യാത്രകള്‍ ഒരര്‍ഥത്തില്‍ തീര്‍ഥാടനങ്ങളാണ് . ഇന്നലെകളിലെ പലായങ്ങലളിലെയ്ക്ക് താളാത്മകമായൊരു തീവണ്ടിപ്പാച്ചില്‍ . നിലാവിന്റെ ജനാലക്കാഴ്ച്ചകളില്‍ ഇലയറ്റു കരുവാളിച്ചൊരു മരം, അകന്നകന്നു പോവുന്നു. നീണ്ടവിരലുകള്‍ ആകാശത്തേയ്ക്കുയര്‍ത്തി.നീണ്ടവിരലുകള്‍ ... ഓര്‍മയുടെ പ്രകാശ വേഗങ്ങളില്‍ കറ്റാര്‍വാഴയുടെ ചുവ.
അവള്‍ വിവാഹിതയായിരുന്നു.മെഡിക്കല്‍ കോളേജ് ലബോറട്ടറി ജീവനക്കാരനായ അവളുടെ ഭര്‍ത്താവ് പഴയ സ്കൂട്ടറില്‍ അവളെ ഹോസ്റല്‍ മുറ്റത്ത് കൊണ്ടിറക്കി തിരിഞ്ഞു നോക്കാതെ ഓടിച്ചു പോവും.പ്രകോപിപ്പിയ്ക്കാനോ, പിന്തിരിപ്പിയ്ക്കാനോ കഴിയാത്ത ഏതോ ഒരുറപ്പ് അവളുടെമുഖത്ത് നിഴലിച്ചു. നീണ്ടു മെലിഞ്ഞ കൈപ്പത്തി എന്റെ ഹൃദയത്തിനു മേല്‍ നീര്‍ത്തി വെച്ച് അവള്‍ ചോദിയ്ക്കാറുണ്ട്, "അടഞ്ഞു കിടക്കുന്ന എത്ര അമ്പലങ്ങളുണ്ട് ഇതിനകത്ത്"??!!നിശബ്ദനായ കൊലയാളിയെപ്പോലെ, സ്നേഹം ഞങ്ങളിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
ഹോസ്റല്‍ മുറ്റത്ത് നിന്ന് ഭര്‍ത്താവിനൊപ്പം,അവള്‍ ഇറങ്ങിപ്പോവുബോഴെല്ലാം കണ്‍ ഞരമ്പുകളില്‍ തേള് കടിചിട്ടെന്നോണം എനിയ്ക്ക് കാഴ്ച കടഞ്ഞു. തിരികെ വന്ന് മണിക്കൂറുകളോളം അവള്‍ കുളിച്ചു, വെള്ളമിറ്റു വീഴുന്ന ശിരസിലേയ്ക്ക് എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു കരഞ്ഞു, "എനിയ്ക്ക് ശവങ്ങളെ ഭയമാണ്, നോക്കൂ,എന്നെ ഫോര്‍മാലിന്‍ മണക്കുന്നുവോ???" അവളുടെ കണ്ണുകള്‍ക്ക് കറ്റാര്‍ വാഴയുടെ രുചിയായിരുന്നു.
ബോധമറ്റുവീണ അവളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുംബോഴും എന്നത്തേയും പോലെ സുഹൃത്തുക്കള്‍ നിശബ്ദമായി എന്നെ അനുഗമിച്ചു.കാഷ്വാലിറ്റിയുടെ നീണ്ട ഇടനാഴിയില്‍ നില്‍ക്കവേ, അവളുടെ ഗര്‍ഭപാത്രം ഒരു കയ്പ്പവള്ളിയാണ് , എന്നും മൃദുലമായ തന്തുക്കള്‍ കൊണ്ട് ചുറ്റി ചുറ്റി പിടിച്ച്, ഒരു കിടാവ് എന്റെ ഹൃദയത്തില്‍ വന്നു തട്ടുന്നുവെന്നും എനിയ്ക്ക് തോന്നി. കണ്ണാടിയില്‍ നിന്ന് നിര്‍വചിയ്ക്കാനാവാത്തൊരു വാക്ക് എന്നെ പകച്ചു നോക്കിക്കൊണ്ടിരുന്നു.
എന്റെ നാടോടി ഞരമ്പുകളില്‍ പലായനത്തിന്റെ പേനുകള്‍ ഒഴുകുന്നു. അവസാനിയ്ക്കാത്ത അഴികള്‍ അവ എനിയ്ക്ക് തുറന്നു തരുന്നു.ഇലയട്ടെഴുന്നു നില്‍ക്കുന്ന മരച്ചില്ലകള്‍ക്കിടയിലൂടെ ഒരു വെളിച്ചം കാണുന്നുവോ, ഒരു പക്ഷെ അതായിരിയ്ക്കം, ജീവിതം.
അവള്‍ വിവാഹിതയായിരുന്നു.മെഡിക്കല്‍ കോളേജ് ലബോറട്ടറി ജീവനക്കാരനായ അവളുടെ ഭര്‍ത്താവ് പഴയ സ്കൂട്ടറില്‍ അവളെ ഹോസ്റല്‍ മുറ്റത്ത് കൊണ്ടിറക്കി തിരിഞ്ഞു നോക്കാതെ ഓടിച്ചു പോവും.പ്രകോപിപ്പിയ്ക്കാനോ, പിന്തിരിപ്പിയ്ക്കാനോ കഴിയാത്ത ഏതോ ഒരുറപ്പ് അവളുടെമുഖത്ത് നിഴലിച്ചു. നീണ്ടു മെലിഞ്ഞ കൈപ്പത്തി എന്റെ ഹൃദയത്തിനു മേല്‍ നീര്‍ത്തി വെച്ച് അവള്‍ ചോദിയ്ക്കാറുണ്ട്, "അടഞ്ഞു കിടക്കുന്ന എത്ര അമ്പലങ്ങളുണ്ട് ഇതിനകത്ത്"??!!നിശബ്ദനായ കൊലയാളിയെപ്പോലെ, സ്നേഹം ഞങ്ങളിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
ഹോസ്റല്‍ മുറ്റത്ത് നിന്ന് ഭര്‍ത്താവിനൊപ്പം,അവള്‍ ഇറങ്ങിപ്പോവുബോഴെല്ലാം കണ്‍ ഞരമ്പുകളില്‍ തേള് കടിചിട്ടെന്നോണം എനിയ്ക്ക് കാഴ്ച കടഞ്ഞു. തിരികെ വന്ന് മണിക്കൂറുകളോളം അവള്‍ കുളിച്ചു, വെള്ളമിറ്റു വീഴുന്ന ശിരസിലേയ്ക്ക് എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു കരഞ്ഞു, "എനിയ്ക്ക് ശവങ്ങളെ ഭയമാണ്, നോക്കൂ,എന്നെ ഫോര്‍മാലിന്‍ മണക്കുന്നുവോ???" അവളുടെ കണ്ണുകള്‍ക്ക് കറ്റാര്‍ വാഴയുടെ രുചിയായിരുന്നു.
ബോധമറ്റുവീണ അവളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുംബോഴും എന്നത്തേയും പോലെ സുഹൃത്തുക്കള്‍ നിശബ്ദമായി എന്നെ അനുഗമിച്ചു.കാഷ്വാലിറ്റിയുടെ നീണ്ട ഇടനാഴിയില്‍ നില്‍ക്കവേ, അവളുടെ ഗര്‍ഭപാത്രം ഒരു കയ്പ്പവള്ളിയാണ് , എന്നും മൃദുലമായ തന്തുക്കള്‍ കൊണ്ട് ചുറ്റി ചുറ്റി പിടിച്ച്, ഒരു കിടാവ് എന്റെ ഹൃദയത്തില്‍ വന്നു തട്ടുന്നുവെന്നും എനിയ്ക്ക് തോന്നി. കണ്ണാടിയില്‍ നിന്ന് നിര്‍വചിയ്ക്കാനാവാത്തൊരു വാക്ക് എന്നെ പകച്ചു നോക്കിക്കൊണ്ടിരുന്നു.
എന്റെ നാടോടി ഞരമ്പുകളില്‍ പലായനത്തിന്റെ പേനുകള്‍ ഒഴുകുന്നു. അവസാനിയ്ക്കാത്ത അഴികള്‍ അവ എനിയ്ക്ക് തുറന്നു തരുന്നു.ഇലയട്ടെഴുന്നു നില്‍ക്കുന്ന മരച്ചില്ലകള്‍ക്കിടയിലൂടെ ഒരു വെളിച്ചം കാണുന്നുവോ, ഒരു പക്ഷെ അതായിരിയ്ക്കം, ജീവിതം.
Saturday, August 20, 2011
ധനുഷ്കോടി
==============
ഓരോ അണുവിലും
കാറ്റിന്റെ കയ്യ്
കണ്ണ്
നാവ്,
കാറ്റല്ല,നിന്റെ നാടിന്‍റെ കരച്ചില്‍ .
മുറിച്ചു കളയപ്പെട്ട ഞരമ്പുകളിലിപ്പൊഴും
സ്വപ്നം മിടിയ്ക്കുന്നുവെന്ന്
ഹൃദയം ഞരങ്ങുന്നു.
മണലിന്റെ സ്വച്ഛതയിലിരുന്ന്
നിന്റെ തെരുവുകളിലെ രക്തം പകര്‍ത്തുന്ന
എന്നെ,
ഭീരുവെന്നോ, വിഡ്ഢിയെന്നോ വിളിയ്ക്കാം.
തീര്‍ച്ചയായും,
എനിയ്ക്ക് നഷ്ടപ്പെടാനുണ്ട്.
എങ്കിലും ,
മനുഷ്യനെ മജ്ജ കൊണ്ട് മാത്രം തിരിച്ചറിയുന്ന
ഏതോ പ്രദേശത്ത് ചെന്ന്
നിന്നെ ചേര്‍ത്ത് പിടിച്ചു കരയാന്‍
ഞാനാഗ്രഹിയ്ക്കുന്നു.
====================
*ഒരു കടല്‍ മുനമ്പ്.
ഓരോ അണുവിലും
കാറ്റിന്റെ കയ്യ്
കണ്ണ്
നാവ്,
കാറ്റല്ല,നിന്റെ നാടിന്‍റെ കരച്ചില്‍ .
മുറിച്ചു കളയപ്പെട്ട ഞരമ്പുകളിലിപ്പൊഴും
സ്വപ്നം മിടിയ്ക്കുന്നുവെന്ന്
ഹൃദയം ഞരങ്ങുന്നു.
മണലിന്റെ സ്വച്ഛതയിലിരുന്ന്
നിന്റെ തെരുവുകളിലെ രക്തം പകര്‍ത്തുന്ന
എന്നെ,
ഭീരുവെന്നോ, വിഡ്ഢിയെന്നോ വിളിയ്ക്കാം.
തീര്‍ച്ചയായും,
എനിയ്ക്ക് നഷ്ടപ്പെടാനുണ്ട്.
എങ്കിലും ,
മനുഷ്യനെ മജ്ജ കൊണ്ട് മാത്രം തിരിച്ചറിയുന്ന
ഏതോ പ്രദേശത്ത് ചെന്ന്
നിന്നെ ചേര്‍ത്ത് പിടിച്ചു കരയാന്‍
ഞാനാഗ്രഹിയ്ക്കുന്നു.
====================
*ഒരു കടല്‍ മുനമ്പ്.
സമര്‍പ്പണം..... പ്രിയപ്പെട്ട ലങ്കന്‍ സുഹൃത്തുക്കള്‍ക്ക്.
Monday, August 8, 2011
കൃപാസാഗരം
------------------------------
ഓരോ രാത്രിയും
തീവണ്ടി,
തുരങ്കത്തിലൂടെ എന്നപോലെ,
നീ എന്നിലൂടെ പായുന്നു.
കയ്ക്കുന്ന ഇരുട്ട്
ദിക്കറ്റ പിടച്ചിലുകള്‍
വെളിച്ചതിനായുള്ള എന്റെ കാത്തിരിപ്പുകള്‍ .
സന്യാസിനിയെ ബാലക്കാരം ചെയ്യും പോലെ-
എന്ന് പിറുപിറുത്തു
നിനക്ക് കണ്ണ് നിറയുന്നു.
നാം പരസ്പരം തോല്‍ക്കുകയാണ്.
ശരീരം കൊണ്ട് സ്നേഹിയ്ക്കുന്ന വിഡ്ഢിത്തം
എനിയ്ക്ക് കൈമോശം വന്നിരിയ്ക്കുന്നു.
എന്റെയാത്മാവിനെ അറിയാനുള്ള
പഞ്ചേന്ദ്രിയങ്ങള്‍ നിനക്കും.
ചില നേരങ്ങളില്‍
താങ്ങാന്‍ വയ്യാത്ത ഭാരങ്ങളെയാണ്
നാം,
ജീവിതം എന്ന് വിളിയ്ക്കുന്നത്.
കണ്ണാ,
ഇന്ന്,
നീയെന്റെ നെഞ്ചോടു ചേര്‍ന്ന്
കരഞ്ഞുകൊള്ലുക. .
Friday, July 1, 2011
വാടക മുറി
ഇത്,
എന്റെ ഒറ്റമുറി വാടക വീട്.
പകരം വെയ്ക്കാനാവാത്തവയുടെ,
പങ്കുവെയ്കാനാവാത്തവയുടെ,
സങ്കേതം.
നീ എന്ന പോലെ .
ചുവരുകള്‍
ഭ്രാന്ത്,
ഏകാന്തത,
കാമം,
പ്രണയം.
രണ്ടു പെഗ്ഗിന്റെ കായലോളങ്ങളില്‍
നിന്റെ കൈകള്‍ പോലെ
സുരക്ഷിതം.
വന്യതയുടെ, കാട്
പ്രവാസത്തിന്റെ, മണല്‍കാറ്റ്
നിമജ്ഞനങ്ങളുടെ, കടല്‍.
ഈ അടുക്കും ചിട്ടയുമില്ലായ്മയില്‍നിന്ന്
എനിയ്ക്കനായാസം
വലിച്ചെടുക്കാം .
നെരൂയെ,
ബാലനെ,
സച്ചിയെ,
ഏതു തീണ്ടാരിയിലും
നാലീരിക്കാവിലമ്മയെ.
ഒരു കോണിലും ഒന്നുമൊളിച്ചുവെയ്ക്കാനില്ലാത്ത
പ്രകാശത്തിന്റെ സാമ്രാജ്യം
നിന്നിലെന്നോണം.
മറ്റൊരാള്‍കൂടി വരുന്നതോടെ
ഇന്ദ്രജാലം പോലെ
മാഞ്ഞു പോവുന്നു
ആദ്യം ചുവരുകള്‍
കാട്,
കടല്‍,
കാറ്റ്,
പിന്നെ ഞാന്‍.
നിന്നില്‍ നിന്നെന്നോണം.
Saturday, June 18, 2011
പരിധി
പ്രണയത്തിനെപ്പൊഴും പരിധികള്‍ വേണം.
നിന്‍റെ ചന്ദ്രക്കല പോലെ
എന്‍റെ ചന്ദനം പോലെ
നിന്‍റെ തീയെരിയുന്ന സ്വപ്നങ്ങള്‍ പോലെ
എന്റമ്മയുടെ മുറുക്കിയുടുത്ത വയര്‍ പോലെ
നമുക്കിടയിലൊഴുകുന്ന ഇന്ദ്രാവതി പോലെ
പരിധിയ്ക്കപ്പുറം
നമ്മില്‍ നിന്ന് വീണു പോവുന്ന നാം.
തുരുമ്പിച്ച വാക്കുകള്‍
പഴയ യുദ്ധങ്ങള്‍
പുകയുന്ന,
കയ്ക്കുന്ന,
മടുപ്പിയ്ക്കുന്ന നേരുകള്‍.
വിശക്കുമ്പോള്‍ -വിഷം
എന്ന പോലെ സമാഗമം.
പ്രണയത്തിന്നെപ്പോഴും പരിധികള്‍ വേണം.
നീ പോലെ
ഞാന്‍ പോലെ.
======================================
ഇന്ദ്രാവതി - ഒരു പുഴ
മീരാസാധു
നീ സ്നേഹിയ്ക്കുന്നു
കണ്ണുകൊണ്ട്,
ചുണ്ട് കൊണ്ട്,
നഖം കൊണ്ട്,
നീല നിറമാര്‍ന്ന ഉടല്‍കൊണ്ട്,
നെഞ്ചിലിരമ്പുന്ന
അലിവിന്‍റെ സമുദ്രിമ കൊണ്ട്.
എങ്കിലും,
ആത്മാവിന്റെ പതിനാറായിരത്തെട്ട്
പന്തിഭോജനങ്ങള്‍ക്കിടയില്‍
എന്‍റെ മുഖം നീ മറക്കുന്നു.
എറിഞ്ഞുടയ്ക്കുന്തോറും ചിതറുന്ന
കണ്ണാടിചീളാണ് ഞാന്‍.
ഓരോ തുരുമ്പിലും-
ഞാന്‍, ഞാനെന്നു കേണ്
അതെന്നെത്തന്നെ കീറി, മുറിയ്ക്കുന്നു.
വികൃതമാക്കുന്നു.
ഇത്,
പ്രണയമല്ല...! കൃഷ്ണാ,
ഇത്,
ഇതെന്‍റെ ആത്മ ബലിയാണ്.
എന്‍റെ വിലപിടിയാത്ത ആത്മഹത്യ.
Friday, June 17, 2011
ധൂമകേതു
വായനശാലയുടെ,
തണുത്ത അകത്തളത്തില്‍ വെച്ച്,
ചേര്‍ത്ത് പിടിച്ചത്, ഓര്‍മയുണ്ട്.
പണ്ട്, കബനിയില്‍ മുങ്ങാങ്കുഴിയിടുമ്പോഴും ,
കൂട്ടുകാരുണ്ടായിരുന്നു,
ഒരുപാട്,
ഇന്നത്തെപ്പോലെ,
കബനിയിലുമുണ്ട്,
നിനയ്ക്കാത്ത നേരത്ത്,
എന്നെയദൃശ്യയാക്കുന്നൊരു ചുഴി.
സ്പടിക ജാലകം തുളച് പ്രാണന്റെ പക്ഷി,
ഒഴുക്കിലാഴ്ന്നൊരു
കൊമ്പിലുടക്കിയപോലെ,
നിന്റെ തോളുകളില്‍ ഞാന്‍ ചേക്കേറി.
നെഞ്ചില്‍ ,
ആര്‍ക്കും വേണ്ടാതെ പിടയ്ക്കുന്ന,
മൂന്നക്ഷരത്തിന്റെ, ഉപ്പ്,
കണ്ണുകളില്‍ നീറി നിറഞ്ഞു.
തിരിച്ചു നടക്കുമ്പോള്‍ ,
എന്തുകൊണ്ടോ, നീ,
മാംസത്തിന്റെ പതുപതുപ്പിനെപ്പറ്റി മാത്രം
സംസാരിച്ചുകൊണ്ടിരുന്നു.
Saturday, May 21, 2011
മോക്ഷം
സൂര്യനസ്തമിച്ചിട്ടും
അവസാനിയ്ക്കാത്ത പകല്‍.
കരഞ്ഞുതീരാതെ
എങ്ങിയടിയ്ക്കുന്ന ചുടു കാറ്റ്.
നോക്കെതുവോളം
വേനല്‍ തിന്നുതീര്‍ത്ത എന്‍റെ ഭൂമി.
ദിശതെറ്റി,
കറങ്ങി,
പിടച്ച്,
നിലച്ച്, വീഴുന്ന
ഘടികാരം.
കഴുത്തിനും കയറിനുമിടയില്‍
മിടിച്ചു തോല്‍ക്കുന്ന ഹൃദയം.
ആകാശത്തിനും
ഭൂമിയ്ക്കുമിടയില്‍
ഞാന്‍,
അപ്രത്യക്ഷയാവുന്ന
നിമിഷം.
Friday, April 29, 2011
ജന്മാന്തരം
വെയിലിനെ മറന്നേയ്ക്ക വാകേ,
നിന്റെ ചില്ലകള്‍ക്കാവില്ല
ഓര്‍മയുടെ നെരിപ്പോട് താങ്ങുവാന്‍.
വേനലിന്റെ പ്രണയത്തില്‍
അന്ധയായൊരു പ്രാണനെ കണ്ടുവോ?
വീണ്ടുമൊരു പിറവിയ്ക്ക് മുന്‍പുള്ള
വിരസമായ ഇടവേളയില്‍,
അത്, മണ്ണിന്റെ മഹാമൌനത്തില്‍
ഒറ്റയ്ക്കിരിയ്ക്കുന്നു.
ആത്മഹത്യ ചെയ്യാനുള്ള ആയുധവും
പിടിച്ചു വാങ്ങപ്പെടുമ്പോള്‍ ,
നെഞ്ഞു ഞെരിച്ചു പടരുന്ന ഗന്ധകപ്പുകയാണ്
കവിത.
പൂക്കാതെ.
ലോകത്തിനറിയില്ല,
പൂക്കാനുള്ള കാരണങ്ങള്‍.
നിന്റെ ചില്ലകള്‍ക്കാവില്ല
ഓര്‍മയുടെ നെരിപ്പോട് താങ്ങുവാന്‍.
വേനലിന്റെ പ്രണയത്തില്‍
അന്ധയായൊരു പ്രാണനെ കണ്ടുവോ?
വീണ്ടുമൊരു പിറവിയ്ക്ക് മുന്‍പുള്ള
വിരസമായ ഇടവേളയില്‍,
അത്, മണ്ണിന്റെ മഹാമൌനത്തില്‍
ഒറ്റയ്ക്കിരിയ്ക്കുന്നു.
ആത്മഹത്യ ചെയ്യാനുള്ള ആയുധവും
പിടിച്ചു വാങ്ങപ്പെടുമ്പോള്‍ ,
നെഞ്ഞു ഞെരിച്ചു പടരുന്ന ഗന്ധകപ്പുകയാണ്
കവിത.
പൂക്കാതെ.
ലോകത്തിനറിയില്ല,
പൂക്കാനുള്ള കാരണങ്ങള്‍.
Wednesday, April 27, 2011
മാറാപ്പ്
മൂന്നക്ഷര വാക്കുകളെല്ലാം പാഴാണ്
എത്രമേല്‍ ഉച്ചത്തില്‍ നിങ്ങളവയെ
വിശ്വസിയ്ക്കുന്നുവോ,
അത്രയും നിശബ്ദമായി
അവ, നിങ്ങളെ ചതിയ്ക്കുന്നു.
അലിവ്
വിശ്വാസം
പ്രണയം
വിവേകം
അറിവ്
വിവാഹം
മൂന്നക്ഷരം കൊണ്ട് തുന്നിയ
വാക്കുകള്‍ എല്ലാം പാഴാണ്
ജീവിതമൊഴികെ.
എത്രമേല്‍ ഉച്ചത്തില്‍ നിങ്ങളവയെ
വിശ്വസിയ്ക്കുന്നുവോ,
അത്രയും നിശബ്ദമായി
അവ, നിങ്ങളെ ചതിയ്ക്കുന്നു.
അലിവ്
വിശ്വാസം
പ്രണയം
വിവേകം
അറിവ്
വിവാഹം
മൂന്നക്ഷരം കൊണ്ട് തുന്നിയ
വാക്കുകള്‍ എല്ലാം പാഴാണ്
ജീവിതമൊഴികെ.
Monday, April 18, 2011
അസ്തമയത്തിന്റെ അര്‍ത്ഥങ്ങള്‍
ആശുപത്രിയുടെ ആറാം നിലയില്‍ ഞാന്‍, ആത്മഹത്യയ്ക്ക് കൂട്ടിരിയ്ക്കുന്നു. ഈ മുറി മുഴുവന്‍ അസ്തമയമാണ്. അവളുടെ ഞരമ്പുകളില്‍ പടര്‍ന്ന മയക്ക ഗുളികയെന്നപോലെ അബോധം എന്നിലേയ്ക്ക് നുഴയുന്നു. തുള വീണ ശ്വാസകോശത്തില്‍ കടല്‍ക്കാക്ക പിടഞ്ഞു പാറുന്നു. ജനലിനപ്പുറം പാറുന്ന പരുന്തിന് നിന്റെ മുഖം. അതോ അവന്റെയോ?? ഒരനാഥയ്ക്ക്, വേദനയൊക്കെ ഒരാര്‍ഭാടം തന്നെയാണ്. എങ്കിലും, വറുതി കത്തിയ ഒരുച്ചയ്ക്ക്, നീ വാങ്ങിതന്ന പൊതിചോറ് തൊണ്ടയിലടയുന്നു. ഒരിയ്ക്കലും നീ എന്നെ സ്നേഹിച്ചിരുന്നില്ല എന്നത്, അറ്റമില്ലാത്ത ഒരു താഴ്ചയാണ്. ഞാന്‍ വീണു കൊണ്ടേയിരിയ്ക്കുന്നു. എല്ലാ കരയും ഉപേക്ഷിച്ചു പോവാനുല്ലതാണ്. വന്ന തിരകളൊക്കെ തിരിച്ചു പൊയ്ക്കോട്ടേ. ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് ഒരു പക്ഷി പറക്കുന്നു.
Tuesday, February 1, 2011
ഒറ്റ്
യൂദാസേ....
തള്ളിപ്പറയും മുന്‍പേ,
നിന്റെ ചുണ്ടുകളുടെ വിഷം,
ഒരിയ്ക്കല്‍ കൂടി പകരുക.!
കവിതയുടെ ഉപ്പും, കനവിന്റെ ചവര്‍പ്പും,
എന്റെ അപ്പവും, വീഞ്ഞും,
എല്ലാം അത്രമേല്‍ നിരര്‍ഥകം.
യൂദാസേ...
ഈ പാനപാത്രം എന്നില്‍ നിന്ന് നീക്കുക.
ഉപേക്ഷിയ്ക്കപ്പെട്ട ഈ വാക്കില്‍ ,
ഞാന്‍ തറഞ്ഞു കിടക്കുന്നു.
അകത്ത്,
അലറിതളര്‍ന്ന കടല്‍ വിതുമ്പുന്നു.
നക്ഷത്രങ്ങളൊക്കെയും പറന്നു പോയ ആകാശത്തു നിന്നും,
ഒരു ധൂമകേതു കൂടി എന്നില്‍ പതിയ്ക്കുന്നു.
കോഴികൂവുന്നതിനും മുന്‍പേ,
എന്‍റെ കാതില്‍
എന്നെ,
തള്ളിപ്പറഞ്ഞു കൊള്‍ക
എനിയ്ക്കറിയാവുന്നത്,
ഈ കുരിശിന്റെ നാലതിരുകള്‍ മാത്രമല്ലോ.....!
തള്ളിപ്പറയും മുന്‍പേ,
നിന്റെ ചുണ്ടുകളുടെ വിഷം,
ഒരിയ്ക്കല്‍ കൂടി പകരുക.!
കവിതയുടെ ഉപ്പും, കനവിന്റെ ചവര്‍പ്പും,
എന്റെ അപ്പവും, വീഞ്ഞും,
എല്ലാം അത്രമേല്‍ നിരര്‍ഥകം.
യൂദാസേ...
ഈ പാനപാത്രം എന്നില്‍ നിന്ന് നീക്കുക.
ഉപേക്ഷിയ്ക്കപ്പെട്ട ഈ വാക്കില്‍ ,
ഞാന്‍ തറഞ്ഞു കിടക്കുന്നു.
അകത്ത്,
അലറിതളര്‍ന്ന കടല്‍ വിതുമ്പുന്നു.
നക്ഷത്രങ്ങളൊക്കെയും പറന്നു പോയ ആകാശത്തു നിന്നും,
ഒരു ധൂമകേതു കൂടി എന്നില്‍ പതിയ്ക്കുന്നു.
കോഴികൂവുന്നതിനും മുന്‍പേ,
എന്‍റെ കാതില്‍
എന്നെ,
തള്ളിപ്പറഞ്ഞു കൊള്‍ക
എനിയ്ക്കറിയാവുന്നത്,
ഈ കുരിശിന്റെ നാലതിരുകള്‍ മാത്രമല്ലോ.....!
Tuesday, January 18, 2011
കടല്‍ എന്നോട്...
നെഞ്ചിലെ കല്ലലിയിയ്ക്കാന്‍
ഒരു രാവണനും വന്നില്ലെന്ന്.
മീതെ പോയ ഒരു കപ്പിത്താനും,
ആഴം കണ്ടില്ലെന്ന്.
തിരക്കി നീട്ടിയാചിച്ചിഴഞ്ഞു ചെന്നിട്ടും,
ആ പാദങ്ങള്‍ അകന്നു പോയെന്ന്.
കര്‍ക്കിടകത്തില്‍ മുടിയഴിച്ചലറിക്കരഞ്ഞിട്ടും
കാക്കകള്‍ ബലി എടുത്തില്ലെന്ന്.
കടല്‍,
ശരീരമൂരിക്കളഞ്ഞ സ്ത്രീയാണെന്ന്.
ഒരു രാവണനും വന്നില്ലെന്ന്.
മീതെ പോയ ഒരു കപ്പിത്താനും,
ആഴം കണ്ടില്ലെന്ന്.
തിരക്കി നീട്ടിയാചിച്ചിഴഞ്ഞു ചെന്നിട്ടും,
ആ പാദങ്ങള്‍ അകന്നു പോയെന്ന്.
കര്‍ക്കിടകത്തില്‍ മുടിയഴിച്ചലറിക്കരഞ്ഞിട്ടും
കാക്കകള്‍ ബലി എടുത്തില്ലെന്ന്.
കടല്‍,
ശരീരമൂരിക്കളഞ്ഞ സ്ത്രീയാണെന്ന്.
Subscribe to:
Posts (Atom)