ഒറ്റയ്ക്കുള്ള യാത്രകള്‍ ഒരര്‍ഥത്തില്‍ തീര്‍ഥാടനങ്ങളാണ് . ഇന്നലെകളിലെ പലായങ്ങലളിലെയ്ക്ക് താളാത്മകമായൊരു തീവണ്ടിപ്പാച്ചില്‍ . നിലാവിന്റെ ജനാലക്കാഴ്ച്ചകളില്‍ ഇലയറ്റു കരുവാളിച്ചൊരു മരം, അകന്നകന്നു പോവുന്നു. നീണ്ടവിരലുകള്‍ ആകാശത്തേയ്ക്കുയര്‍ത്തി.നീണ്ടവിരലുകള്‍ ... ഓര്‍മയുടെ പ്രകാശ വേഗങ്ങളില്‍ കറ്റാര്‍വാഴയുടെ ചുവ.
അവള്‍ വിവാഹിതയായിരുന്നു.മെഡിക്കല്‍ കോളേജ് ലബോറട്ടറി ജീവനക്കാരനായ അവളുടെ ഭര്‍ത്താവ് പഴയ സ്കൂട്ടറില്‍ അവളെ ഹോസ്റല്‍ മുറ്റത്ത് കൊണ്ടിറക്കി തിരിഞ്ഞു നോക്കാതെ ഓടിച്ചു പോവും.പ്രകോപിപ്പിയ്ക്കാനോ, പിന്തിരിപ്പിയ്ക്കാനോ കഴിയാത്ത ഏതോ ഒരുറപ്പ് അവളുടെമുഖത്ത് നിഴലിച്ചു. നീണ്ടു മെലിഞ്ഞ കൈപ്പത്തി എന്റെ ഹൃദയത്തിനു മേല്‍ നീര്‍ത്തി വെച്ച് അവള്‍ ചോദിയ്ക്കാറുണ്ട്, "അടഞ്ഞു കിടക്കുന്ന എത്ര അമ്പലങ്ങളുണ്ട് ഇതിനകത്ത്"??!!നിശബ്ദനായ കൊലയാളിയെപ്പോലെ, സ്നേഹം ഞങ്ങളിലൂടെ ഒഴുകിക്കൊണ്ടിരുന്നു.
ഹോസ്റല്‍ മുറ്റത്ത് നിന്ന് ഭര്‍ത്താവിനൊപ്പം,അവള്‍ ഇറങ്ങിപ്പോവുബോഴെല്ലാം കണ്‍ ഞരമ്പുകളില്‍ തേള് കടിചിട്ടെന്നോണം എനിയ്ക്ക് കാഴ്ച കടഞ്ഞു. തിരികെ വന്ന് മണിക്കൂറുകളോളം അവള്‍ കുളിച്ചു, വെള്ളമിറ്റു വീഴുന്ന ശിരസിലേയ്ക്ക് എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു കരഞ്ഞു, "എനിയ്ക്ക് ശവങ്ങളെ ഭയമാണ്, നോക്കൂ,എന്നെ ഫോര്‍മാലിന്‍ മണക്കുന്നുവോ???" അവളുടെ കണ്ണുകള്‍ക്ക് കറ്റാര്‍ വാഴയുടെ രുചിയായിരുന്നു.
ബോധമറ്റുവീണ അവളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുംബോഴും എന്നത്തേയും പോലെ സുഹൃത്തുക്കള്‍ നിശബ്ദമായി എന്നെ അനുഗമിച്ചു.കാഷ്വാലിറ്റിയുടെ നീണ്ട ഇടനാഴിയില്‍ നില്‍ക്കവേ, അവളുടെ ഗര്‍ഭപാത്രം ഒരു കയ്പ്പവള്ളിയാണ് , എന്നും മൃദുലമായ തന്തുക്കള്‍ കൊണ്ട് ചുറ്റി ചുറ്റി പിടിച്ച്, ഒരു കിടാവ് എന്റെ ഹൃദയത്തില്‍ വന്നു തട്ടുന്നുവെന്നും എനിയ്ക്ക് തോന്നി. കണ്ണാടിയില്‍ നിന്ന് നിര്‍വചിയ്ക്കാനാവാത്തൊരു വാക്ക് എന്നെ പകച്ചു നോക്കിക്കൊണ്ടിരുന്നു.
എന്റെ നാടോടി ഞരമ്പുകളില്‍ പലായനത്തിന്റെ പേനുകള്‍ ഒഴുകുന്നു. അവസാനിയ്ക്കാത്ത അഴികള്‍ അവ എനിയ്ക്ക് തുറന്നു തരുന്നു.ഇലയട്ടെഴുന്നു നില്‍ക്കുന്ന മരച്ചില്ലകള്‍ക്കിടയിലൂടെ ഒരു വെളിച്ചം കാണുന്നുവോ, ഒരു പക്ഷെ അതായിരിയ്ക്കം, ജീവിതം.
എന്തൊക്കെയോ വായിച്ചു, എഴുതിയതും എഴുതാത്തതും...
ReplyDeleteഒടുവില്‍ ശൂന്യാകാശത്ത് നില്‍ക്കുന്നപോലെ...