Pages

Friday, December 2, 2011

പാര്‍ക്കില്‍



-----------------------
നരച്ച നിലാവിനു താഴെ,
ഒരേ വേദനയുടെ
രണ്ടറ്റങ്ങളിരിയ്ക്കുന്നു.
തുള വീണ ശ്വാസകോശങ്ങളില്‍
നീറിപ്പടരുന്ന
സിഗരറ്റു പുകപോലെ
ഇടയിലെ മൌനം.

നമ്മള്‍ ,

പിന്‍വിളിയ്ക്കാന്‍ ആരുമില്ലാഞ്ഞ്
നടോടിയായിപ്പോയ കാറ്റുകള്‍ .
ഭാരമുള്ള അസ്തിത്വങ്ങള്‍
കറുത്ത തൊലി പോലെ
കടലിരമ്പം പോലെ
ചില യുദ്ധങ്ങള്‍
ചോരയില്‍ കലര്‍ന്ന് പോയവര്‍

നമ്മുടെ ജീവിതം,
ഒരാളുടെ കണ്ണു നിറയും
വരെ മാത്രം നീണ്ട വഴക്കുകള്‍
ഒറ്റയ്ക്കുറങ്ങാന്‍ വയ്യെന്ന വാശികള്‍
രണ്ടായി പിരിഞ്ഞു പോയിരിയ്ക്കുന്നു

വാക്കുകള്‍ വേണ്ട,
വാഗ്ദാനങ്ങളും
മുപ്പതു വെള്ളിക്കാശിന് ഒരു സുഹൃത്ത്‌
നിന്നെ ഒറ്റിക്കൊടുക്കാതിരിയ്ക്കട്ടെ എന്ന് ഞാനും,
എന്റെ രാത്രിവണ്ടി ഇനിയും വൈകാതിരിയ്ക്കട്ടെ എന്ന് നീയും
ആശംസിയ്ക്കുന്നു.

ഇനിയൊരിയ്ക്കലും സാധ്യമാവാത്തവണ്ണം
സ്നേഹിയ്ക്കപ്പെട്ട രണ്ടു പേര്‍ ,
നരച്ച നിലാവിനു താഴെ നിന്നും
പിരിഞ്ഞു പോവുന്നു.

2 comments:

  1. നിന്റെ രാത്രിവണ്ടി ഇനിയും വൈകാതിരിയ്ക്കട്ടെ

    ReplyDelete
  2. മുപ്പതു വെള്ളിക്കാശിന് ഒരു സുഹൃത്ത്‌
    നിന്നെ ഒറ്റിക്കൊടുക്കാതിരിയ്ക്കട്ടെ

    ReplyDelete