Pages

Saturday, June 18, 2011

മീരാസാധു

നീ സ്നേഹിയ്ക്കുന്നു
കണ്ണുകൊണ്ട്,
ചുണ്ട് കൊണ്ട്,
നഖം കൊണ്ട്,
നീല നിറമാര്‍ന്ന ഉടല്‍കൊണ്ട്‌,
നെഞ്ചിലിരമ്പുന്ന
അലിവിന്‍റെ സമുദ്രിമ കൊണ്ട്.

എങ്കിലും,

ആത്മാവിന്റെ പതിനാറായിരത്തെട്ട്
പന്തിഭോജനങ്ങള്‍ക്കിടയില്‍
എന്‍റെ മുഖം നീ മറക്കുന്നു.

എറിഞ്ഞുടയ്ക്കുന്തോറും ചിതറുന്ന
കണ്ണാടിചീളാണ് ഞാന്‍.

ഓരോ തുരുമ്പിലും-
ഞാന്‍, ഞാനെന്നു കേണ്
അതെന്നെത്തന്നെ കീറി, മുറിയ്ക്കുന്നു.
വികൃതമാക്കുന്നു.

ഇത്,
പ്രണയമല്ല...! കൃഷ്ണാ,
ഇത്,
ഇതെന്‍റെ ആത്മ ബലിയാണ്.

എന്‍റെ വിലപിടിയാത്ത ആത്മഹത്യ.

Friday, June 17, 2011

ധൂമകേതു

വായനശാലയുടെ,
തണുത്ത അകത്തളത്തില്‍ വെച്ച്,
ചേര്‍ത്ത് പിടിച്ചത്, ഓര്‍മയുണ്ട്.

പണ്ട്, കബനിയില്‍ മുങ്ങാങ്കുഴിയിടുമ്പോഴും ,
കൂട്ടുകാരുണ്ടായിരുന്നു,
ഒരുപാട്,
ഇന്നത്തെപ്പോലെ,

കബനിയിലുമുണ്ട്,
നിനയ്ക്കാത്ത നേരത്ത്,
എന്നെയദൃശ്യയാക്കുന്നൊരു ചുഴി.

സ്പടിക ജാലകം തുളച് പ്രാണന്റെ പക്ഷി,
ഒഴുക്കിലാഴ്ന്നൊരു
കൊമ്പിലുടക്കിയപോലെ,
നിന്റെ തോളുകളില്‍ ഞാന്‍ ചേക്കേറി.


നെഞ്ചില്‍ ,
ആര്‍ക്കും വേണ്ടാതെ പിടയ്ക്കുന്ന,
മൂന്നക്ഷരത്തിന്റെ, ഉപ്പ്,
കണ്ണുകളില്‍ നീറി നിറഞ്ഞു.

തിരിച്ചു നടക്കുമ്പോള്‍ ,
എന്തുകൊണ്ടോ, നീ,
മാംസത്തിന്റെ പതുപതുപ്പിനെപ്പറ്റി മാത്രം
സംസാരിച്ചുകൊണ്ടിരുന്നു.

Saturday, May 21, 2011

മോക്ഷം

സൂര്യനസ്തമിച്ചിട്ടും
അവസാനിയ്ക്കാത്ത പകല്‍.
കരഞ്ഞുതീരാതെ
എങ്ങിയടിയ്ക്കുന്ന ചുടു കാറ്റ്.
നോക്കെതുവോളം
വേനല്‍ തിന്നുതീര്‍ത്ത എന്‍റെ ഭൂമി.
ദിശതെറ്റി,
കറങ്ങി,
പിടച്ച്,
നിലച്ച്‌, വീഴുന്ന
ഘടികാരം.
കഴുത്തിനും കയറിനുമിടയില്‍
മിടിച്ചു തോല്‍ക്കുന്ന ഹൃദയം.
ആകാശത്തിനും
ഭൂമിയ്ക്കുമിടയില്‍
ഞാന്‍,
അപ്രത്യക്ഷയാവുന്ന
നിമിഷം.





Friday, April 29, 2011

ജന്മാന്തരം

വെയിലിനെ മറന്നേയ്ക്ക വാകേ,
നിന്റെ ചില്ലകള്‍ക്കാവില്ല
ഓര്‍മയുടെ നെരിപ്പോട് താങ്ങുവാന്‍.
വേനലിന്റെ പ്രണയത്തില്‍
അന്ധയായൊരു പ്രാണനെ കണ്ടുവോ?
വീണ്ടുമൊരു പിറവിയ്ക്ക് മുന്‍പുള്ള
വിരസമായ ഇടവേളയില്‍,
അത്, മണ്ണിന്റെ മഹാമൌനത്തില്‍
ഒറ്റയ്ക്കിരിയ്ക്കുന്നു.
ആത്മഹത്യ ചെയ്യാനുള്ള ആയുധവും
പിടിച്ചു വാങ്ങപ്പെടുമ്പോള്‍ ,
നെഞ്ഞു ഞെരിച്ചു പടരുന്ന ഗന്ധകപ്പുകയാണ്
കവിത.
പൂക്കാതെ.
ലോകത്തിനറിയില്ല,
പൂക്കാനുള്ള കാരണങ്ങള്‍.