Pages

Tuesday, February 1, 2011

ഒറ്റ്

യൂദാസേ....
തള്ളിപ്പറയും മുന്‍പേ,
നിന്റെ ചുണ്ടുകളുടെ വിഷം,
ഒരിയ്ക്കല്‍ കൂടി പകരുക.!

കവിതയുടെ ഉപ്പും, കനവിന്റെ ചവര്‍പ്പും,
എന്റെ അപ്പവും, വീഞ്ഞും,
എല്ലാം അത്രമേല്‍ നിരര്‍ഥകം.

യൂദാസേ...
ഈ പാനപാത്രം എന്നില്‍ നിന്ന് നീക്കുക.

ഉപേക്ഷിയ്ക്കപ്പെട്ടവാക്കില്‍ ,
ഞാന്‍ തറഞ്ഞു കിടക്കുന്നു.
അകത്ത്,
അലറിതളര്‍ന്ന കടല്‍ വിതുമ്പുന്നു.
നക്ഷത്രങ്ങളൊക്കെയും പറന്നു പോയ ആകാശത്തു നിന്നും,
ഒരു ധൂമകേതു കൂടി എന്നില്‍ പതിയ്ക്കുന്നു.

കോഴികൂവുന്നതിനും മുന്‍പേ,
എന്‍റെ കാതില്‍
എന്നെ,
തള്ളിപ്പറഞ്ഞു കൊള്‍ക
എനിയ്ക്കറിയാവുന്നത്,
ഈ കുരിശിന്റെ നാലതിരുകള്‍ മാത്രമല്ലോ.....!

Tuesday, January 18, 2011

കടല്‍ എന്നോട്...

നെഞ്ചിലെ കല്ലലിയിയ്ക്കാന്‍
ഒരു രാവണനും വന്നില്ലെന്ന്.
മീതെ പോയ ഒരു കപ്പിത്താനും,
ആഴം കണ്ടില്ലെന്ന്.
തിരക്കി നീട്ടിയാചിച്ചിഴഞ്ഞു ചെന്നിട്ടും,
ആ പാദങ്ങള്‍ അകന്നു പോയെന്ന്.
കര്‍ക്കിടകത്തില്‍ മുടിയഴിച്ചലറിക്കരഞ്ഞിട്ടും
കാക്കകള്‍ ബലി എടുത്തില്ലെന്ന്.
കടല്‍,
ശരീരമൂരിക്കളഞ്ഞ സ്ത്രീയാണെന്ന്.

Thursday, November 25, 2010

ആത്മഹത്യ പോലെ എന്തോ ഒന്ന്....


പടിയിറങ്ങുമ്പോള്‍
കൂട്ടിന്
ഒസ്യത്തായി കിട്ടിയ നിഷേധം
കണ്ണ് കവിയുന്ന കയ്പ്പ്
കാക്ക കൊത്താത്ത, കര്‍മ്മങ്ങളുടെ ബലിചോറ്
എള്ളും പൂവും ചിതറിയ വഴിയില്‍
എല്ലാത്തിനും പുറകേ
മിണ്ടാതെ
കാലൊച്ച കേള്‍പ്പിയ്ക്കാതെ
വരുന്നുണ്ട് .


മറവിയുടെ ഒരു വേനലിനും കൊടുക്കാതെ ഒരു പിടി പൂക്കള്‍ ഞാന്‍ കാത്തു വെച്ചിരിയ്ക്കുന്നു. ഇന്ദ്രാവതി പുഴയ്ക്കിപ്പുറം മഴവില്ല് വിരിയുന്ന സന്ധ്യയില്‍ എന്‍റെ വേരുകളില്‍ അവ മിഴി തുറക്കും. അവ നിന്നോട് ഇനിയും വേരുകള്‍ പൂക്കുമെന്നും മേഘങ്ങള്‍ക്ക് തീ പിടിയ്ക്കുമെന്നും പറയും. ഭൂമിയില്‍ ഇടി വെട്ടി പിളരുന്ന രാത്രികളില്‍ അവയില്‍ അശാന്തമായ അക്ഷരങ്ങള്‍ മുളയ്ക്കും. ധീരയായ ഒരു വഴിയാത്രക്കാരി കൂടി മുരിക്കിന്‍ പൂക്കള്‍ ഉദിയ്ക്കുന്ന ദിക്ക് തേടിപ്പോവും..
ഒരുവന്‍റെ ശബ്ദം അപരന് കാതില്‍ സംഗീതമാവുന്ന കാലത്തിന്റെ സ്പപ്നങ്ങളിലെയ്ക്ക് പിന്നെയും വേരുകള്‍വളരും...എനിയ്ക്കറിയാം..ഗുല്‍മോഹറിന്റെ വേരുകളെ നിനക്ക് ഭയമാണ്.