Pages

Saturday, July 18, 2015

പ്രദക്ഷിണം*

വടക്കുന്നാഥന്നുചുറ്റും നടത്തങ്ങ-
ളാദി മധ്യങ്ങളന്തമില്ലാത്തവ

വിശപ്പുമാധിയുമാളും വിഷാദവും
വിളിപ്പാടകലത്ത് കാക്കുന്ന മരണവും

വെറുപ്പുകള്‍ കൊണ്ടുകനത്ത മൌനങ്ങ-
ളകന്നു പോവുന്ന കൂട്ടും പിതൃക്കളും

ഉള്ളില്‍ കടയുന്ന കാരമുള്ളും,
കാതിലെന്നുമിരമ്പും കരച്ചിലിന്‍ തോറ്റവും

കണ്‍പോള കൂട്ടുവാനരുതാത്ത പേടിയും
ചിത്തഭ്രമം വന്നു  തല്ലുന്ന പ്രാണനും

കള്ളിന്റെ വേവും,ചവര്‍പ്പും,പഴികളും
കൊല്ലുന്ന വാക്കിന്‍ കടുന്തുടിക്കൊട്ടലും

പാടേ ദ്രവിപ്പിച്ച കയ്ക്കുന്ന ബാന്ധവം
കാറ്റുപോലൊപ്പം  നടക്കുന്ന സൗഹൃദം

താഴുന്ന തേരിന്റെ ചക്രം തിരിയ്ക്കവേ
മൂര്‍ധാവിലാഴുന്ന പച്ചിരുംബാണികൾ 


മുറ്റത്തു കർക്കടം പെയ്തുതോരുമ്പൊഴും   
ഒട്ടുമാവത്തന്തി  ചേക്കേറിടുമ്പൊഴും     

ദേവനെ ചുറ്റും വഴികളിലോര്‍മകള്‍
പാതിദിശയിലും പാതിയെതിരിലും.
-------------------------------------------------------------------------------
ദേവന് പ്രദക്ഷിണം, പരേതാത്മാവിന് അപ്രദക്ഷിണം എന്ന് ശാസ്ത്രം.